മുംബൈ: മുംബൈക്കടുത്തുള്ള കസാറ റെയിൽവേ സ്റ്റേഷനിൽ ഹൃദയസ്പർശിയായ സംഭവം. ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ പ്രസവവേദനയേറ്റ യുവതി സ്റ്റേഷനിൽ തന്നെ കുഞ്ഞിന് ജന്മം നൽകി.
പ്രദേശ വാസികളുടെയും റെയിൽവേ ജീവനക്കാരുടെയും ആരോഗ്യപ്രവർത്തകരുടെയും സമയോചിത ഇടപെടലാണ് അമ്മയെയും കുഞ്ഞിനെയും സുരക്ഷിതരാക്കിയത്.
ബിഹാറിലേക്ക് യാത്ര ചെയ്തുകൊണ്ടിരുന്ന മമ്ത കുമാരി എന്ന യുവതിക്കാണ് കസാറ സ്റ്റേഷനിൽ ട്രെയിൻ നിൽക്കുന്നതിനിടെ ശക്തമായ പ്രസവവേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ യുവതിയെ ട്രെയിനിൽ നിന്ന് ഇറക്കി സഹായം ഒരുക്കി.
വിവരം ലഭിച്ചതോടെ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്‌സ് സ്ഥലത്തെത്തുക യായിരുന്നു. പരിമിതമായ സൗകര്യങ്ങൾ മാത്രമുണ്ടായിരുന്നിട്ടും അവരുടെ സഹായത്തോടെ സ്റ്റേഷനിൽ തന്നെ കുഞ്ഞ് സുരക്ഷിതമായി ജനിച്ചു.
ശേഷം അമ്മയെയും കുഞ്ഞിനെയും ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. മനുഷ്യസ്നേഹത്തിന്റെ ഉദാഹരണമായ ഈ സംഭവം സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടുന്നു.