ഇന്ത്യൻ യുവാക്കൾക്കായി ‘ഗ്ലോബൽ സ്കിൽസ് പാസ്‌പോർട്ട്’ വേണമെന്ന് ഡോ. സുരേഷ് കുമാർ മധുസൂദനൻ

by WhatsUp Mumbai

ന്യൂഡൽഹി: ഇന്ത്യൻ യുവാക്കളുടെ തൊഴിൽ നൈപുണ്യവും യോഗ്യതയും എളുപ്പത്തിൽ പരിശോധിച്ച് അന്താരാഷ്ട്രതലത്തിൽ അംഗീകാരം ഉറപ്പാക്കുന്നതിനായി ഇന്ത്യ ‘ഗ്ലോബൽ സ്കിൽസ് പാസ്‌പോർട്ട്’ നടപ്പാക്കണമെന്ന് സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. സുരേഷ് കുമാർ മധുസൂദനൻ ആവശ്യപ്പെട്ടു. ന്യൂഡൽഹിയിൽ നടന്ന 17-ാമത് FICCI Global Skills Summit 2026-ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിയുടെ വിദ്യാഭ്യാസ യോഗ്യത, സാങ്കേതിക മികവ്, സർട്ടിഫിക്കേഷനുകൾ, തൊഴിൽപരിചയം, ഭാഷാപ്രാവീണ്യം എന്നിവ അടങ്ങിയ ഡിജിറ്റൽ രേഖയായിരിക്കണം ഇതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉച്ചകോടിയിലെ ‘Intelligent Pathways for Global Talent and Mobility’ എന്ന പാനൽ ചർച്ചയിൽ പങ്കെടുത്ത അദ്ദേഹം, ലോകരാജ്യങ്ങളിൽ വർധിച്ചുവരുന്ന തൊഴിലാളി ക്ഷാമം ഇന്ത്യയ്ക്ക് വലിയ അവസരമാണെന്ന് വ്യക്തമാക്കി. നിർമാണം, എൻജിനീയറിങ്, ആരോഗ്യപരിചരണം, ഹോസ്പിറ്റാലിറ്റി, മാനുഫാക്ചറിങ്, ലോജിസ്റ്റിക്സ്, ഓയിൽ ആൻഡ് ഗ്യാസ് തുടങ്ങിയ മേഖലകളിലെ ഭാവി ആവശ്യകത മുൻകൂട്ടി കണ്ടെത്തി പരിശീലനം നൽകണം. യൂറോപ്പ്, ജപ്പാൻ, റഷ്യ തുടങ്ങിയ പുതിയ വിപണികളിലേക്ക് ഇന്ത്യക്കാർ എത്തുമ്പോൾ സാങ്കേതിക മികവിനൊപ്പം വിദേശഭാഷാ പരിശീലനവും സാംസ്കാരിക അവബോധവും നൽകേണ്ടതുണ്ട്.

അനധികൃത റിക്രൂട്ട്മെന്റും നിയമവിരുദ്ധ കുടിയേറ്റവും തടയാൻ കേന്ദ്രസർക്കാരും വിദേശ മിഷനുകളും ഏജൻസികളും തമ്മിൽ ശക്തമായ ഏകോപനം വേണമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി ഭാവി തൊഴിൽ കണ്ടെത്തുക (Predict), പരിശീലിപ്പിക്കുക (Prepare), നൈപുണ്യ രേഖ നൽകുക (Passport), തൊഴിലുടമകളുമായി ബന്ധിപ്പിക്കുക (Place), സുരക്ഷ ഉറപ്പാക്കുക (Protect) എന്നീ ‘5P’ മാതൃകയും അദ്ദേഹം മുന്നോട്ടുവെച്ചു. ലോകത്തിന്റെ ഏറ്റവും വിശ്വസനീയമായ ടാലന്റ് പങ്കാളിയായി ഇന്ത്യ മാറണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കേന്ദ്ര നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയം അഡീഷണൽ സെക്രട്ടറി നിരഞ്ജൻ കുമാർ സുധാൻഷു മുഖ്യപ്രഭാഷണം നടത്തിയ സെഷൻ GATI Foundation CEO അർണബ് ഭട്ടാചാര്യ മോഡറേറ്റ് ചെയ്തു. ഉച്ചകോടി സംഘടിപ്പിച്ച FICCI, FICCI Skills എന്നിവയ്ക്ക് ഡോ. സുരേഷ് കുമാർ നന്ദി അറിയിച്ചു

You may also like