നാഗ്പൂർ: ഒരേ യുവതിയോടുള്ള പ്രണയത്തെച്ചൊല്ലിയുള്ള തർക്കം നാഗ്പൂരിൽ ദാരുണ കൊലപാതകത്തിൽ കലാശിച്ചു. സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേരെ ബെൽതറോഡി പോലീസ് അറസ്റ്റ് ചെയ്തു. ഗൗരവ് രാംഭാവു റാവുത്ത്, അഭിഷേക് വാസ്നിക് എന്നിവരാണ് പിടിയിലായത്. 27-കാരനായ ഗൗരവ് പങ്കജ് രാഗ്ഡെയാണ് കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട ഗൗരവ് രാഗ്ഡെയും യുവതിയും കഴിഞ്ഞ രണ്ടുവർഷമായി പ്രണയത്തിലായിരുന്നു. എന്നാൽ ഇതേ യുവതിക്ക് ഒന്നാം പ്രതിയായ ഗൗരവ് റാവുത്തുമായും അടുപ്പമുണ്ടായിരുന്നു. വ്യാഴാഴ്ച രാത്രി യുവതിയും ഗൗരവ് റാവുത്തും ഒന്നിച്ചിരുന്ന് ആഘോഷം നടത്തുന്ന വിവരമറിഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
വിവരമറിഞ്ഞ് കടുത്ത ദേഷ്യത്തിലായ ഗൗരവ് രാഗ്ഡെ, നരേന്ദ്രനഗറിലുള്ള റാവുത്തിന്റെ വാടകവീട്ടിലെത്തി ബഹളമുണ്ടാക്കി. വീടിന്റെ വാതിൽ തുറക്കാൻ കൂട്ടാക്കാതിരുന്നതോടെ ഇരുവരും തമ്മിൽ കടുത്ത തർക്കവും കൈയങ്കളിയുമുണ്ടായി. വാക്കേറ്റത്തിനിടെ മാരകായുധം ഉപയോഗിച്ച് ഗൗരവ് രാഗ്ഡെയ്ക്ക് കുത്തേൽക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ ബെൽതറോഡി പോലീസ് കേസെടുക്കുകയും പ്രതികളായ ഗൗരവ് റാവുത്ത്, അഭിഷേക് വാസ്നിക് എന്നിവരെ ഉടൻതന്നെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. കൃത്യത്തിന് പിന്നിൽ കൂടുതൽ കാരണങ്ങളുണ്ടോ എന്ന് പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.