ഹോസ്പീസ് സെന്ററും ഭിന്നശേഷി സ്കൂളും യാഥാർത്ഥ്യമാകുന്നു: ജീവകാരുണ്യ മേഖലയിൽ ചരിത്രപരമായ അഞ്ച് പദ്ധതികളുമായി മാർത്തോമ്മാ മുംബൈ ഭദ്രാസനം

by WhatsUp Mumbai

മുംബൈ: മാർത്തോമ്മാ മുംബൈ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന അഞ്ച് പ്രധാന കർമ്മ പദ്ധതികൾക്ക് ഭദ്രാസന അസംബ്ലി അംഗീകാരം നൽകി. പൻവേലിലുള്ള ഭദ്രാസനത്തിന്റെ സ്ഥലത്ത് മുംബൈ ടാറ്റാ മെമ്മോറിയൽ ആശുപത്രിയുടെ സഹകരണത്തോടെ നിർമ്മിക്കുന്ന ഹോസ്പീസ് സെന്റർ, ലോണാവാലയിലെ മാർത്തോമ്മാ ക്യാമ്പ്  സെന്ററിന്റെ വിപുലീകരണത്തിന്റെ ഭാഗമായി പുതിയ റിട്രീറ്റ് സെന്ററിന്റെ നിർമ്മാണം, ടിറ്റ്വാലയിലെ ഭദ്രാസനത്തിന്റെ സ്ഥലത്ത് ‘തണൽ’ പരിസ്ഥിതി ആത്മീയ കേന്ദ്രത്തിന്റെ ഭാഗമായി മാവിൻതോട്ട കൃഷി പദ്ധതി, മഹാരാഷ്ട്രയിലെ മീറാജിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ആരംഭിക്കുന്ന സ്കൂൾ, കൂടാതെ ഭിന്നശേഷിക്കാരായ കുട്ടികളുടെ പുനരധിവാസ കേന്ദ്രം എന്നിവയാണ് അംഗീകാരം ലഭിച്ച പദ്ധതികൾ.

ഭദ്രാസനത്തിന്റെ സാമൂഹിക, വിദ്യാഭ്യാസ, പരിസ്ഥിതി, ജീവകാരുണ്യ മേഖലകളിലെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സമൂഹത്തിന്റെ വിവിധ ആവശ്യങ്ങൾക്കായി സേവനം വ്യാപിപ്പിക്കുന്നതിനുമാണ് ഈ പദ്ധതികൾ ലക്ഷ്യമിടുന്നതെന്ന് ഭദ്രാസനാധിപൻ അഭിപ്രായപ്പെട്ടു.

ഭദ്രാസനാധിപൻ റൈറ്റ് റവ. (പി.ഡി.) ഡോ. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ച ഭദ്രാസന അസംബ്ലി യോഗത്തിൽ ഭദ്രാസന സെക്രട്ടറി റവ. ജിജി മാത്യൂസ്‌ വാർഷിക റിപ്പോർട്ടും, കണക്കും അവതരിപ്പിച്ചു. ഭദ്രാസനത്തിന്റെവിവിധ വികസന പ്രവർത്തനങ്ങൾക്കായി ₹33കോടിയുടെ ബജറ്റ് ട്രഷറർ വി. പി. സൈമൺ അവതരിപ്പിച്ചു. റവ. ജോൺ ജോർജ്, റവ. റോബിൻ ജി. കെ, റവ. ജോർജ് മാത്യു എന്നിവർ പ്രസംഗിച്ചു. തുടർന്ന് 2026–2029 കാലയളവിലേക്കുള്ള ഭദ്രാസന ഭാരവാഹികളെയും ഭദ്രാസന കൗൺസിൽ അംഗങ്ങളെയും തെരഞ്ഞെടുത്തു.

ഭദ്രാസന സെക്രട്ടറി:
റവ. ജിജി മാത്യൂസ്

ഭദ്രാസന ട്രഷറാർ:
വി. പി. സൈമൺ

ഭദ്രാസന കൗൺസിൽ അംഗങ്ങൾ:
റവ. അലൻ ടി. സാമുവേൽ, റവ. അനിൽ എബ്രഹാം, റവ. ജിജോ വർഗീസ്, റവ. സാം എബ്രഹാം, റവ. ഡോ. തോമസ് കുര്യൻ അഞ്ചേരി, റവ. തോമസ് ജോൺ തലച്ചിറ, കെ. എസ്. ജോൺ, സജി കെ. തോമസ്, ഐസക് ജോൺ കോട്ടടിയിൽ, സൈമൺ ടി. മാത്യു, ഉമ്മൻ മാത്യു, കുര്യൻ എബ്രഹാം, ജോയൽ മോനച്ചൻ, ലെനി ജോൺ, ഡോളി സജി, ജിജി റെജി, റേച്ചൽ ജോസ്, സാറാമ്മ ഉമ്മൻ.

പുതിയ ഭരണസമിതിയുടെ നേതൃത്വത്തിൽ ഭദ്രാസനത്തിന്റെ ആത്മീയ, സാമൂഹിക, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിനും സമൂഹത്തിന്റെ വിവിധ മേഖലകളിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തുന്നതിനും യോഗം തീരുമാനിച്ചു.

You may also like