സിനിമകളിൽ ജീവനുള്ള ആനകളെ ഒഴിവാക്കണം; ബോളിവുഡ് താരങ്ങൾ ഒപ്പുവെച്ച് പെറ്റയുടെ ‘എലിഫന്റ് ഫ്രീഡം പ്ലെഡ്ജ്’

by WhatsUp Mumbai

ലോക ആന ദിനത്തിന് മുന്നോടിയായി സിനിമകളിലും പരസ്യങ്ങളിലും ജീവനുള്ള ആനകളെ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്ത് ബോളിവുഡ് താരങ്ങൾ. ജോൺ എബ്രഹാം, ദിയ മിർസ, പൂജ ഭട്ട്, സണ്ണി ലിയോൺ തുടങ്ങി 25-ഓളം പ്രമുഖ നിർമ്മാതാക്കളാണ് പെറ്റ (PETA) ഇന്ത്യയുടെ ‘എലിഫന്റ് ഫ്രീഡം പ്ലെഡ്ജിൽ’ ഒപ്പുവെച്ചത്.

​ഇനിമുതൽ തങ്ങളുടെ നിർമ്മാണത്തിലോ അഭിനയത്തിലോ ജീവനുള്ള ആനകളെ ഉൾപ്പെടുത്തില്ലെന്നും പകരം മെക്കാനിക്കൽ ആനകൾ, സിജിഐ (CGI), വിഎഫ്എക്സ് (VFX) എന്നിവ ഉപയോഗിക്കുമെന്നും ഇവർ വ്യക്തമാക്കി. കൂടാതെ, ചലച്ചിത്ര രംഗത്തെ മറ്റ് സഹപ്രവർത്തകരെയും പ്രതിജ്ഞയുടെ ഭാഗമാകാൻ ഇവർ വെല്ലുവിളിച്ചു. ജോൺ എബ്രഹാം സിനിമാ സുഹൃത്തുക്കളെയും, ദിയ മിർസ ധർമ്മ പ്രൊഡക്ഷൻസിനെയും, സണ്ണി ലിയോൺ കരൺ കുന്ദ്രയെയും നാമനിർദ്ദേശം ചെയ്തു. രാജൻ ഷാഹി, ഋഷിന കന്ധാരി, അമീൻ ഖാൻ തുടങ്ങിയവരും മറ്റ് പ്രൊഡക്ഷൻ ഹൗസുകളെ ഈ നീക്കത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

മൃഗങ്ങളോടുള്ള ക്രൂരത ഒഴിവാക്കാൻ റോബോട്ടിക് ആനകൾ മികച്ച ബദലാണെന്ന് പെറ്റ വ്യക്തമാക്കുന്നു. നിലവിൽ തെലങ്കാനയിലടക്കം ചിത്രീകരണങ്ങൾക്ക് ഇവ ലഭ്യമാണ്. ചെറുപ്പത്തിലെ കുടുംബത്തിൽ നിന്ന് വേർപെടുത്തി തോട്ടികൊണ്ട് ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന ആനകളെ രക്ഷിക്കാൻ പുതിയ സാങ്കേതികവിദ്യകൾ സഹായിക്കുമെന്നാണ് പെറ്റ ഇന്ത്യയുടെ വിലയിരുത്തൽ.

You may also like