ഖോപോലി: കനത്ത മഴയെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ പെട്ട് റായ്ഗഡ് ജില്ലയിലെ പ്രശസ്തമായ സെനിത് വെള്ളച്ചാട്ടത്തിൽ കുടുങ്ങിപ്പോയ 80 വിനോദസഞ്ചാരികളെയും സുരക്ഷിതമായി പുറത്തെത്തിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന വലിയൊരു സംഘം അപ്രതീക്ഷിതമായുണ്ടായ ശക്തമായ കുത്തൊഴുക്കിൽ കുടുങ്ങിയത്. മൂന്ന് മണിക്കൂറോളം നീണ്ട അതീവ ദുഷ്കരമായ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് മുഴുവൻ പേരെയും ദുരന്തമുഖത്തുനിന്ന് രക്ഷപെടുത്തിയത്.
മുംബൈ സെൻട്രൽ, ചെമ്പൂർ, ഘാട്കോപ്പർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നെത്തിയ വിനോദസഞ്ചാരികളാണ് കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതോടെ രണ്ടിടങ്ങളിലായി ഒറ്റപ്പെട്ടുപോയത്. പ്രദേശം പൂർണ്ണമായും വെള്ളത്തിനടിയിലായതോടെ ഇവർക്ക് കരയിലേക്ക് മടങ്ങാനാകാത്ത അവസ്ഥയായി. വിവരമറിഞ്ഞ് ഖോപോലി പോലീസും നഗരസഭയുടെ അഗ്നിരക്ഷാസേനയും പ്രാദേശിക സന്നദ്ധപ്രവർത്തകരും സംയുക്തമായി സംഭവസ്ഥലത്തേക്ക് കുതിക്കുകയായിരുന്നു.
ശക്തമായ കുത്തൊഴുക്കിനെ വകവെക്കാതെ കയറുകളുടെ സഹായത്തോടെ മനുഷ്യച്ചങ്ങല തീർത്താണ് രക്ഷാപ്രവർത്തകർ ഓരോ സഞ്ചാരിയെയും സുരക്ഷിതമായി കരയ്ക്കെത്തിച്ചത്. വൻ ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണ് അധികൃതർ. ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വെള്ളച്ചാട്ടങ്ങളിലേക്കും അപകടമേഖലകളിലേക്കും പോകരുതെന്ന് ഭരണകൂടം കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.