ഭക്തിനിർഭരമായ ചടങ്ങുകളോടെ മലാഡ്-ഗോരേഗാവ് ശാഖയിൽ ഗുരുദേവ പ്രതിഷ്ഠാ വാർഷികം ആഘോഷിച്ചു

by WhatsUp Mumbai

മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം മുംബൈ താനെ യൂണിയനിൽപെട്ട മലാഡ്-ഗോരേഗാവ് ശാഖയിൽ (നമ്പർ 3895) ഗുരുദേവ പ്രതിഷ്‌ഠയുടെ ഒന്നാം വാർഷികാഘോഷങ്ങൾ ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. തന്ത്രി സുന്ദരശ പണിക്കർ, പ്രദീപ് ശാന്തി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലാണ് വാർഷിക പൂജകൾ നടന്നത്.

രാവിലെ 5:30-ന് നടന്ന ഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് മഹാഗുരുപൂജ, കലശപൂജ, കലശാഭിഷേകം, സമൂഹപ്രാർത്ഥന, ആരതി, സർവ്വൈശ്വര്യ പൂജ എന്നിവയും ഭക്തർക്കായി പ്രസാദ ഊട്ടും നടന്നു.

പ്രാർത്ഥനാനിർഭരമായ അന്തരീക്ഷത്തിൽ നടന്ന സർവ്വൈശ്വര്യ പൂജയിൽ ശാഖയിലെ വനിതാ കൂട്ടായ്മയുടെ സജീവവും മാതൃകാപരവുമായ സാന്നിധ്യം ശ്രദ്ധേയമായതായി ശാഖാ സെക്രട്ടറി ഷീൽ കുമാർ അറിയിച്ചു. ഭക്തിയും കൂട്ടായ്മയും ഒത്തുചേർന്ന വാർഷികാഘോഷം മലയാളി സമൂഹത്തിന് വേറിട്ടൊരു അനുഭവമായി മാറി.

You may also like