കൊട്ടിയൂർ മുതൽ തിരുനെല്ലി വരെ; ന്യൂ ബോംബെ അയ്യപ്പ മിഷൻ സംഘത്തിന്റെ മഹാ ക്ഷേത്ര ദർശന യാത്രയ്ക്ക് ഇന്ന് തിരിതെളിയും

by WhatsUp Mumbai

വാഷി: വാഷി ന്യൂ ബോംബെ അയ്യപ്പ മിഷൻ ക്ഷേത്രത്തിലെ 11 ഭാരവാഹികൾ ഉൾപ്പെടുന്ന സംഘം പ്രശസ്തമായ കൊട്ടിയൂർ ക്ഷേത്രമുൾപ്പെടെയുള്ള ഉത്തര മലബാറിലെ പ്രമുഖ പുണ്യകേന്ദ്രങ്ങളിലേക്ക് ഇന്ന് യാത്ര തിരിക്കും. ഭക്തിനിർഭരമായ ഈ തീർത്ഥാടന യാത്ര ഇന്ന് വൈകുന്നേരം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്നതോടെയാണ് ആരംഭിക്കുന്നത്. എയർപോർട്ടിൽ ഇറങ്ങുന്ന സംഘം അവിടെ നിന്നും നേരെ പ്രശസ്തമായ മുഴക്കുന്ന് അമ്പലത്തിലേക്ക് തിരിച്ച് ഇന്ന് ദർശനം നടത്തും. രാത്രി മുഴക്കുന്നിലെ ഹോം സ്റ്റേയിലായിരിക്കും താമസം.

നാളെ (15-ാം തീയതി) രാവിലെ സംഘം പ്രസിദ്ധമായ കൊട്ടിയൂർ ക്ഷേത്രത്തിൽ ദർശനം നടത്തും. തുടർന്ന് കൊട്ടിയൂരിൽ നിന്നും വയനാട്ടിലെ പുണ്യഭൂമിയായ തിരുനെല്ലി ക്ഷേത്രത്തിലേക്ക് യാത്ര തിരിക്കും. അവിടെ ദർശനം പൂർത്തിയാക്കിയ ശേഷം രാത്രിയോടെ സംഘം വീണ്ടും മുഴക്കുന്നിലെ ഹോം സ്റ്റേയിലേക്ക് മടങ്ങിയെത്തി തങ്ങുന്നതാണ്.

യാത്രയുടെ അവസാന ദിവസമായ 16-ാം തീയതി രാവിലെ മുഴക്കുന്നിൽ നിന്നും മാമാന അമ്പലത്തിലേക്കാണ് സംഘം തിരിക്കുക. തുടർന്ന് തളിപ്പറമ്പിലെ കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം, തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്തും. ഉച്ചയോടുകൂടി പെരളശ്ശേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ എത്തിച്ചേരുന്ന സംഘം, ഉച്ചയ്ക്ക് ശേഷം സമയ ലഭ്യത അനുസരിച്ച് പയ്യന്നൂർ അല്ലെങ്കിൽ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം എന്നിവ സന്ദർശിക്കും. തുടർന്ന് രാത്രിയിൽ പ്രശസ്തമായ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്ര ദർശനത്തിന് ശേഷം തളിപ്പറമ്പിൽ നിന്നും കണ്ണൂരിലേക്ക് തിരിക്കും.

തുടർന്ന് 17-ാം തീയതി കണ്ണൂരിൽ നിന്നും വിമാന മാർഗം മുംബൈയിലേക്ക്  യാത്ര തിരിക്കുന്നതോടെ നാല് ദിവസത്തെ ഈ പുണ്യ തീർത്ഥാടന യാത്രയ്ക്ക് സമാപനമാകും. ഓരോ ഭക്തന്റെയും മനസ്സിൽ ഭക്തിയുടെയും സമർപ്പണത്തിന്റെയും അലയൊലികൾ തീർക്കുന്ന ഈ യാത്ര തികച്ചും അവിസ്മരണീയമായൊരു അനുഭവമായി മാറുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.

You may also like