​”സൗജന്യ കുടിവെള്ളം നൽകണം, പത്രക്കടലാസ് പാടില്ല; നിയമം ലംഘിച്ചാൽ ആജീവനാന്ത തടവും കനത്ത പിഴയും, ഹോട്ടലുകളുടെ പേര് പരസ്യമാക്കാൻ എഫ്ഡിഎ!”

by WhatsUp Mumbai

മുംബൈ: ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഭക്ഷണം കഴിക്കാൻ കയറുന്ന പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ കടുത്ത നടപടികളുമായി മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA). സംസ്ഥാനത്തെ ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ധാബകൾ, ക്ലൗഡ് കിച്ചനുകൾ, കാറ്ററേഴ്സ്, ഓൺലൈൻ ഭക്ഷണ വിതരണക്കാർ എന്നിവർക്കായി കർശനമായ ഭക്ഷ്യസുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. അശ്രദ്ധ കാണിക്കുന്നവർക്ക് തടവുശിക്ഷ, വൻ തുക പിഴ, ലൈസൻസ് റദ്ദാക്കൽ, സ്ഥാപനം പൂട്ടിക്കൽ തുടങ്ങിയ കടുത്ത ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് എഫ്ഡിഎ കമ്മീഷണർ തുക്കാറാം മുണ്ടെ (Tukaram Mundhe) മുന്നറിയിപ്പ് നൽകി.

സംസ്ഥാനവ്യാപകമായി എഫ്ഡിഎ നടത്തിയ പരിശോധനകളിൽ അതീവ ഗുരുതരമായ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ഈ അടിയന്തര നടപടി. വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഭക്ഷണം പാകം ചെയ്യുക, ഉപയോഗിച്ച പാചക എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുക, കൃത്യമായ താപനിലയിൽ ഭക്ഷണം സൂക്ഷിക്കാതിരിക്കുക, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ജീവനക്കാരെ ജോലിക്ക് നിയോഗിക്കുക, ഉപഭോക്താക്കൾക്ക് സുരക്ഷിതമായ കുടിവെള്ളം നൽകാതിരിക്കുക തുടങ്ങിയ ഗുരുതര വീഴ്ചകളാണ് പരിശോധനയിൽ കണ്ടെത്തിയത്. ഇതേത്തുടർന്ന് ‘സേഫ് ഫുഡ് – ഹെൽത്തി മഹാരാഷ്ട്ര’ (Safe Food – Healthy Maharashtra) എന്ന പേരിൽ സംസ്ഥാനവ്യാപക കാമ്പയിൻ ആരംഭിച്ചിരിക്കുകയാണ് അധികൃതർ. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ഏകദേശം 4.5 ലക്ഷം ഭക്ഷ്യസ്ഥാപനങ്ങൾ വരുംദിവസങ്ങളിൽ പരിശോധിക്കും.

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ 2006-ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ആക്ട് പ്രകാരമാണ് നിയമനടപടിയുണ്ടാകുക. സുരക്ഷിതമല്ലാത്ത ഭക്ഷണം കഴിച്ച് ഏതെങ്കിലും വ്യക്തി മരണപ്പെട്ടാൽ കുറ്റക്കാർക്ക് കുറഞ്ഞത് 7 വർഷം മുതൽ ആജീവനാന്തം വരെ തടവുശിക്ഷയും, കുറഞ്ഞത് 10 ലക്ഷം രൂപ പിഴയും ലഭിക്കാം. ഭക്ഷണം കാരണം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോ പരിക്കുകളോ ഉണ്ടായാൽ 6 വർഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും ഈടാക്കും. സാധാരണ രീതിയിലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന പക്ഷം ഒരു വർഷം വരെ തടവും 3 ലക്ഷം രൂപ വരെ പിഴയും ചുമത്താം. ഭക്ഷണം സുരക്ഷിതമല്ലെങ്കിൽ, അത് കഴിച്ച് ആർക്കും പരിക്കുകളോ ആരോഗ്യപ്രശ്നങ്ങളോ ഉണ്ടായില്ലെങ്കിൽ പോലും 3 മാസം വരെ തടവും 1 ലക്ഷം രൂപ വരെ പിഴയും ശിക്ഷയായി ലഭിക്കും.

FSSAI ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാതെ ഭക്ഷ്യവ്യവസായം നടത്തുന്നത് ഗുരുതരമായ കുറ്റമായി കണക്കാക്കി 10 ലക്ഷം രൂപ വരെ പിഴ ചുമത്തും. ഗുണനിലവാരമില്ലാത്ത ഭക്ഷ്യോത്പന്നങ്ങൾ നിർമ്മിക്കുകയോ സംഭരിക്കുകയോ വിൽക്കുകയോ ചെയ്താൽ 5 ലക്ഷം രൂപ വരെയും, തെറ്റായ ലേബലൊട്ടിക്കുകയോ ബ്രാൻഡിംഗിൽ കൃത്രിമം കാണിക്കുകയോ ചെയ്താൽ 3 ലക്ഷം രൂപ വരെയും പിഴ ഈടാക്കും. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം തയാറാക്കുകയോ സൂക്ഷിക്കുകയോ ചെയ്താൽ 1 ലക്ഷം രൂപ വരെയാണ് പിഴ.

പുതിയ ഉത്തരവ് പ്രകാരം എല്ലാ ഹോട്ടലുകളും റസ്റ്ററന്റുകളും ഉപഭോക്താക്കൾക്ക് സുരക്ഷിതമായ കുടിവെള്ളം തികച്ചും സൌജന്യമായി നൽകിയിരിക്കണം. കുപ്പിവെള്ളം വാങ്ങാൻ ഉപഭോക്താക്കളെ നിർബന്ധിക്കാൻ പാടില്ല. തങ്ങളുടെ സ്ഥാപനത്തിൽ സൌജന്യമായി കുടിവെള്ളം ലഭ്യമാണെന്ന കാര്യം വ്യക്തമാക്കുന്ന ബോർഡുകൾ ഉപഭോക്താക്കൾക്ക് കാണാൻ പാകത്തിൽ പ്രദർശിപ്പിക്കുകയും വേണം.

പാചക എണ്ണയുടെ കാര്യത്തിലും കർശന നിയന്ത്രണമുണ്ട്. ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നതും അനധികൃതമായി വിൽക്കുന്നതും പൂർണ്ണമായും നിരോധിച്ചു. പത്രക്കടലാസുകളിലോ ഭക്ഷ്യയോഗ്യമല്ലാത്ത മറ്റ് മെറ്റീരിയലുകളിലോ ഭക്ഷണം വിളമ്പുന്നതും പാക്ക് ചെയ്യുന്നതും ആരോഗ്യത്തിന് ഹാനികരമായതിനാൽ കർശനമായി വിലക്കിയിട്ടുണ്ട്.

പിഴ ഈടാക്കുന്നതിൽ മാത്രം നടപടികൾ ഒതുങ്ങില്ലെന്നും ലംഘനങ്ങൾ കണ്ടെത്തിയാൽ ഇംപ്രൂവ്‌മെന്റ് നോട്ടീസുകൾ നൽകുക, ലൈസൻസ് സസ്പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യുക, സ്ഥാപനം പൂട്ടിക്കുക, സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കുക, വിപണിയിൽ നിന്ന് ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കുക (product recall) തുടങ്ങിയ കടുത്ത നടപടികൾ ഉണ്ടാകുമെന്നും എഫ്ഡിഎ വ്യക്തമാക്കി. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങളുടെ പേരുകൾ പൊതുസമക്ഷം വെളിപ്പെടുത്തും. അതീവ ഗുരുതരമായ കേസുകളിൽ മറ്റ് ക്രിമിനൽ നിയമങ്ങൾ പ്രകാരമുള്ള പ്രോസിക്യൂഷൻ നടപടികളും സ്വീകരിക്കും. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പാക്കുന്നതിനുമായി എഫ്ഡിഎ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ എല്ലാ ഭക്ഷ്യവ്യവസായ സംരംഭകരും കർശനമായി പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

You may also like