മുംബൈയിൽ ഒരേ കുടുംബത്തിലെ നാല് മരണം; വിഷബാധ സംശയം, മോർഫിൻ സൂചനയിൽ അന്വേഷണം കുരുക്കിൽ

by WhatsUp Mumbai

മുംബൈയിലെ  ഒരേ കുടുംബത്തിലെ നാല് പേർ മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു.
മൊബൈൽ ആക്സസറീസ് വ്യാപാരിയായ അബ്ദുള്ള ദോകാഡിയ, ഭാര്യയും രണ്ട് മക്കളുമാണ് മരണപ്പെട്ടത്. ആദ്യം ഭക്ഷ്യവിഷബാധയെന്ന സംശയമുണ്ടായിരുന്നെങ്കിലും, അന്വേഷണത്തിൽ പുതിയ വഴിത്തിരിവാണ് പുറത്തുവരുന്നത്. 

ആശുപത്രിയിലെ പ്രാഥമിക പരിശോധനയിൽ ഇത് ഭക്ഷ്യവിഷബാധയല്ല, വിഷബാധയാണെന്ന സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു. മരിച്ചവരിൽ ഒരാളുടെ രക്തത്തിൽ മോർഫിൻ സാന്നിധ്യം കണ്ടെത്തിയതോടെ സംഭവത്തിന് പിന്നിൽ ദുരൂഹത വർധിച്ചിരിക്കുകയാണ്. 

സംഭവത്തിന് മുമ്പ് കുടുംബം പുലാവ്, മോര്, തണ്ണിമത്തൻ എന്നിവ കഴിച്ചിരുന്നുവെന്നാണ് വിവരം. തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ട ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിഷബാധയ്ക്ക് കാരണമായത് ഭക്ഷണമോ മറ്റേതെങ്കിലും ഘടകമോ എന്നതിൽ വ്യക്തതയില്ല. 

സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ പൊലീസ് പ്രത്യേക സംഘങ്ങളെ നിയോഗിച്ച് അന്വേഷണം ശക്തമാക്കി. പോസ്റ്റ്മോർട്ടം, വിസ്സറ പരിശോധനകൾ ഉൾപ്പെടെയുള്ള ഫോറൻസിക് റിപ്പോർട്ടുകൾ ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമായിത്തീരുകയുള്ളുവെന്ന് അധികൃതർ അറിയിച്ചു. കുടുംബത്തിനകത്ത് തർക്കങ്ങളൊന്നും കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കി. 

മൊബൈൽ ഫോണുകൾ ഉൾപ്പെടെ തെളിവുകൾ പിടിച്ചെടുത്ത് സാങ്കേതിക പരിശോധനയും പുരോഗമിക്കുകയാണ്. സംഭവത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ അന്വേഷണം തുടരുന്നതിനാൽ, പൈധോണി പ്രദേശം ഇപ്പോഴും ഞെട്ടലിലാണ്.

You may also like