പുണെ: ചരിത്രപ്രസിദ്ധമായ ലോഹഗഡ് കോട്ടയിൽ ഫോട്ടോയെടുക്കുന്നതിനിടെ യുവാവ് കാൽവഴുതി വീണു മരിച്ചെന്ന സംഭവം ആസൂത്രിതമായ കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ മരിച്ച യുവാവിന്റെ പ്രതിശ്രുത വധു സിയ ഗോയൽ (26), ഇവരുടെ കാമുകൻ ചേതൻ ബാബുലാൽ ചൗധരി (22) എന്നിവരെ പുണെ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. പുണെ ഗാഹുഞ്ജെ സ്വദേശിയായ റിയൽ എസ്റ്റേറ്റ് വ്യവസായി കേതൻ വിശാൽ അഗർവാൾ (26) ആണ് കൊല്ലപ്പെട്ടത്.
ജൂൺ 18-നായിരുന്നു കേസ് ആസ്പദമായ സംഭവം. ശക്തമായ കാറ്റിൽ ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നതിനിടെ കേതൻ 400 അടി താഴ്ചയുള്ള താഴ്‌വരയിലേക്ക് വീഴുകയായിരുന്നുവെന്നാണ് സിയ ആദ്യം പോലീസിന് മൊഴി നൽകിയത്. എന്നാൽ കേതന്റെ പിതാവ് വിശാൽ അഗർവാൾ മരണത്തിൽ സംശയം പ്രകടിപ്പിച്ച് പരാതി നൽകിയതോടെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകവിവരം പുറത്തുവന്നത്. കേതനുമായുള്ള വിവാഹത്തിന് സിയയ്ക്ക് താല്പര്യമില്ലായിരുന്നു. കൊന്ധ്വ സ്വദേശിയായ ചേതൻ ചൗധരിയുമായി പ്രണയത്തിലായിരുന്ന സിയ, തങ്ങളുടെ പ്രണയത്തിന് തടസ്സമായ കേതനെ വകവരുത്താൻ പദ്ധതിയിടുകയായിരുന്നു. സ്വന്തം ജന്മദിനം ആഘോഷിക്കാനെന്ന വ്യാജേന കേതനെ സിയ ലോഹഗഡ് കോട്ടയിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് പദ്ധതിപ്രകാരം അവിടെയെത്തിയ കാമുകൻ ചേതനൊപ്പം ചേർന്ന് കേതനെ 400 അടി താഴ്ചയുള്ള താഴ്‌വരയിലേക്ക് തള്ളി താഴെയിടുകയായിരുന്നു. ഈ വർഷം അവസാനം ഉദയ്പൂരിലെ കൊട്ടാരത്തിൽ വെച്ച് നടത്താനിരുന്ന വിവാഹത്തിന്റെ ഒരുക്കങ്ങൾ ഇരു കുടുംബങ്ങളും പൂർത്തിയാക്കുന്നതിനിടയിലാണ് ഈ ക്രൂരകൃത്യം നടന്നത്. പ്രതികൾക്കെതിരെ കൊലപാതകം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.