നോർക്ക എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ സ്ഥാനത്ത് പ്രവാസി പ്രാതിനിധ്യം അനിവാര്യം: ആവശ്യം ശക്തമാക്കി ഗ്ലോബൽ മലയാളി ഫോറം

by WhatsUp Mumbai

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക ഭദ്രതയുടെ നട്ടെല്ലായ പ്രവാസി മലയാളികൾക്ക് ഭരണതലത്തിൽ അർഹമായ പ്രാതിനിധ്യം നൽകണമെന്ന ആവശ്യം ശക്തമാകുന്നു. പ്രവാസികളുടെ വേദനയും പ്രയാസങ്ങളും നേരിട്ടറിഞ്ഞ ഒരു മറുനാടൻ മലയാളിയെ നോർക്ക (NORKA) എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ സ്ഥാനത്തേക്ക് നിയമിക്കണമെന്ന ആവശ്യവുമായി ‘ഗ്ലോബൽ മലയാളി ഫോറം’ രംഗത്തെത്തി. പുതിയ ഭരണനേതൃത്വത്തിന് മുന്നിൽ ഫോറം ഉന്നയിച്ച ഈ ആവശ്യം ഇതിനോടകം തന്നെ ഗൾഫ് നാടുകളിലുൾപ്പെടെ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.

ലോകമെമ്പാടുമുള്ള പ്രവാസി കൂട്ടായ്മകളിലും വാട്‌സ്ആപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകളിലും ഈ വിഷയം സജീവ ചർച്ചാവിഷയമാണ്. ദശാബ്ദങ്ങളായി കഠിനാധ്വാനം ചെയ്ത് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിർത്തുന്ന തങ്ങൾക്ക്, സ്വന്തം നാട്ടിൽ അർഹിച്ച പരിഗണന ലഭിക്കുന്നില്ലെന്ന വലിയ പ്രതിഷേധവും പ്രവാസികൾക്കിടയിലുണ്ട്.പ്രവാസികളുടെ ജീവിതയാഥാർത്ഥ്യങ്ങൾ നേരിട്ട് അനുഭവിച്ചറിഞ്ഞ ഒരാൾക്ക് മാത്രമേ അവരുടെ അടിയന്തര പ്രശ്നങ്ങളുടെ ഗൗരവം ഉൾക്കൊണ്ട് വേഗത്തിൽ പരിഹാരം കാണാൻ സാധിക്കൂ എന്നും, അതിനാൽ നോർക്ക എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ പദവിയിൽ യഥാർത്ഥ പ്രവാസി പ്രാതിനിധ്യം ഉറപ്പാക്കണമെന്നും ഫോറം ആവശ്യപ്പെടുന്നു.

വിസ അനിശ്ചിതത്വം, തൊഴിൽ നഷ്ടം, നാട്ടിലെ സർക്കാർ ഓഫീസുകളിൽ മാസങ്ങളോളം കയറിയിറങ്ങേണ്ടി വരുന്ന അവസ്ഥ, ഭൂമി സംബന്ധമായ തർക്കങ്ങൾ, നിയമപരമായ തടസ്സങ്ങൾ എന്നിവ പരിഹരിക്കാൻ ഔദ്യോഗികതലത്തിൽ പ്രവാസികളുടെ ശക്തമായ സാന്നിധ്യം ആവശ്യമാണ്. കോവിഡ് പ്രതിസന്ധിയുടെ കാലത്ത് വ്യക്തിപരമായ ഇടപെടലുകളിലൂടെയും ഫോൺ കോളുകളിലൂടെയും പ്രവാസികൾക്ക് ലഭിച്ച ആശ്വാസം ഔദ്യോഗിക സംവിധാനത്തിന്റെ ഭാഗമായി മാറണം. സർക്കാർ-പ്രവാസി ബന്ധം കൂടുതൽ സുതാര്യവും വിശ്വാസപൂർണ്ണവുമാക്കാൻ ഈ നിയമനം അനിവാര്യമാണെന്നാണ് പ്രവാസി സംഘടനകൾ ചൂണ്ടിക്കാണിക്കുന്നത്.

ലോക കേരളസഭ പോലുള്ള വൻകിട വേദികൾ വലിയ പ്രതീക്ഷകൾ നൽകിയെങ്കിലും, ഒരു സാധാരണ പ്രവാസി നേരിടുന്ന ദൈനംദിന പ്രശ്നങ്ങൾക്ക് ഇന്നും പരിഹാരം അന്യമാണ്. ചെറിയ കാര്യങ്ങൾക്ക് പോലും രാഷ്ട്രീയ ബന്ധങ്ങൾ തേടി സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങേണ്ട ഗതികേട് പ്രവാസികൾക്ക് ഇനിയെങ്കിലും അവസാനിപ്പിക്കേണ്ടതുണ്ട്. കേരളത്തിന്റെ വികസനത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്ന പ്രവാസികളുടെ ശബ്ദം ഭരണസിരാകേന്ദ്രങ്ങളിൽ എത്തേണ്ടത് കാലത്തിന്റെ അനിവാര്യതയാണെന്ന് ഗ്ലോബൽ മലയാളി ഫോറം ഭാരവാഹികൾ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. കേരളത്തിലെ പുതിയ ഭരണ നേതൃത്വം പ്രവാസികളുടെ ഈ ന്യായമായ ആവശ്യം ഗൗരവമായി പരിഗണിക്കുമെന്നും, തങ്ങൾക്ക് അർഹിക്കുന്ന ആദരവും പ്രാതിനിധ്യവും നൽകുമെന്നുമാണ് പ്രവാസി ലോകം ഒന്നടങ്കം പ്രത്യാശിക്കുന്നത്.

You may also like