മുംബൈ: മുംബൈ സെൻട്രൽ റെയിൽവേയുടെ പൻവേൽ-സിഎസ്എംടി (Panvel–CSMT) ലോക്കൽ ട്രെയിനിൽ ചൊവ്വാഴ്ച രാത്രി സഹയാത്രികന് നേരെ മദ്യപന്റെ ക്രൂരമായ കൊലവിളി. കമ്പാർട്ടുമെന്റിനുള്ളിൽ അക്രമാസക്തനായ മദ്യപൻ, “ഞാൻ ഇതിനകം നാലുപേരെ കൊന്നിട്ടുണ്ട്, അടുത്തത് നിന്റെ ഊഴമാണ്” എന്ന് ആക്രോശിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ യാത്രക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ശക്തമായി. സിറാജ് നൂറാനി (Siraj Noorani) എന്നയാളാണ് ഈ ഞെട്ടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
ഡോക്യാർഡ് റോഡ് (Dockyard Road) സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ കയറിയ ഇയാൾ മൻഖുർദ് (Mankhurd) സ്റ്റേഷനിലാണ് ഇറങ്ങിപ്പോയത്. സംഭവത്തിൽ റെയിൽവേ പൊലീസും (GRP) റെയിൽവേ സംരക്ഷണ സേനയും (RPF) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമിയെയോ പരാതിക്കാരനെയോ ഇതുവരെ കണ്ടെത്താനാകാത്തതിനാൽ നിലവിൽ എഫ്ഐആർ (FIR) രജിസ്റ്റർ ചെയ്തിട്ടില്ല. പ്രതിയെ തിരിച്ചറിഞ്ഞാലുടൻ നിയമനടപടി സ്വീകരിക്കുമെന്ന് ജിആർപി വ്യക്തമാക്കി. രാത്രികാല ലോക്കൽ ട്രെയിനുകളിൽ പട്രോളിങ്ങും നിരീക്ഷണവും ശക്തമാക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.