ഡോംബിവ്‌ലിയിൽ പോലീസ് ഉദ്യോഗസ്ഥന്റെ ജീവനൊടുക്കലിന് പിന്നിൽ ഭാര്യയുടെ ക്രൂരമായ മാനസിക പീഡനം; കേസ് രജിസ്റ്റർ ചെയ്ത് പോലീസ്

by WhatsUp Mumbai

താനെ : മഹാരാഷ്ട്രയിലെ 
ഡോംബിവ്‌ലിയിൽ 
വിഷ്ണുനഗർ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ ശ്രീറാം മിസാൽ (38) ആത്മഹത്യ ചെയ്ത സംഭവത്തിൽ അപ്രതീക്ഷിത വഴിത്തിരിവ്. ശ്രീറാമിന്റെ ആത്മഹത്യയ്ക്ക് കാരണം ഭാര്യയുടെയും സുഹൃത്തുക്കളുടെയും ഭാഗത്തുനിന്നുണ്ടായ ക്രൂരമായ മാനസിക-ശാരീരിക പീഡനങ്ങളാണെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിൽ ശ്രീറാമിന്റെ ഭാര്യയും പോലീസ് ഉദ്യോഗസ്ഥയുമായ ശിവഗംഗ (മിഥില മിസാൽ), ഇവരുടെ സുഹൃത്തായ സംഗപ്പ ഭുജ്ബൽ എന്നിവരുൾപ്പെടെയുള്ളവർക്കെതിരെ വിഷ്ണുനഗർ പോലീസ് ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ഏപ്രിൽ 28-നായിരുന്നു ശ്രീറാം മിസാലിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വിവാഹജീവിതത്തിലെ കടുത്ത അസ്വാരസ്യങ്ങളാണ് പോലീസുകാരന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. 2010-ലായിരുന്നു ശ്രീറാമിന്റെയും ശിവഗംഗയുടെയും വിവാഹം. എന്നാൽ വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കകം തന്നെ തനിക്ക് ഈ ബന്ധത്തിൽ താല്പര്യമില്ലെന്ന് ശിവഗംഗ വെളിപ്പെടുത്തിയിരുന്നതായി ശ്രീറാമിന്റെ സഹോദരൻ ലക്ഷ്മൺ മിസാൽ നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് ശിവഗംഗയും സുഹൃത്തായ സംഗപ്പ ഭുജ്ബലും ചേർന്ന് ശ്രീറാമിനെ നിരന്തരം ഫോണിലൂടെയും നേരിട്ടും ഭീഷണിപ്പെടുത്തുകയും കടുത്ത മാനസിക സമ്മർദ്ദത്തിലാഴ്ത്തുകയും ചെയ്തിരുന്നു.

ശ്രീറാമിനെ മാനസികമായി തകർക്കാൻ പ്രതികൾ ആസൂത്രിതമായി ശ്രമിച്ചുവെന്നതിന് വ്യക്തമായ തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പ്രതികൾ തമ്മിലുള്ള നിർണ്ണായകമായ ഓഡിയോ റെക്കോർഡിംഗുകളും മറ്റ് ഡിജിറ്റൽ തെളിവുകളും സഹോദരൻ പോലീസിന് കൈമാറി. ഇതിനുപുറമേ കിരൺ എന്ന മറ്റൊരു സ്ത്രീയുടെ പങ്കിനെക്കുറിച്ചും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും വിഷ്ണുനഗർ പോലീസ് വ്യക്തമാക്കി.

You may also like