മുംബൈ: വിഐപി സംസ്കാരത്തോട് വിടപറഞ്ഞ് സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെന്ന് മുംബൈ പ്രഥമ പൗര. കനത്ത സുരക്ഷാ അകമ്പടികളും ഔദ്യോഗിക ആഡംബര വാഹനവും പൂർണ്ണമായും ഒഴിവാക്കി മുംബൈ മേയർ റിതു താവ്‌ഡെ ലോക്കൽ ട്രെയിനിലും ബെസ്റ്റ് (BEST) ബസിലും യാത്ര ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ജനപ്രതിനിധികൾക്കായി മുന്നോട്ടുവെച്ച ലളിതജീവിത സന്ദേശവും കടുത്ത സാമ്പത്തിക അച്ചടക്ക നടപടികളും (Austerity measures) പ്രാവർത്തികമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മേയറുടെ ഈ അപ്രതീക്ഷിത യാത്ര.
സാധാരണക്കാരായ യാത്രക്കാർക്കൊപ്പം ടിക്കറ്റെടുത്ത്, ട്രെയിൻ കമ്പാർട്ടുമെന്റിലും ബസിലും യാത്ര ചെയ്ത മേയറുടെ ചിത്രം സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ തരംഗമായിക്കഴിഞ്ഞു. അധികാരത്തിന്റെ പത്രാസുകളില്ലാതെ തൊട്ടടുത്തിരുന്ന് യാത്ര ചെയ്ത പ്രഥമ പൗരയെ കണ്ട് സഹയാത്രകർ ആദ്യം അത്ഭുതപ്പെട്ടെങ്കിലും, പിന്നീട് വലിയ ഹർഷാരവത്തോടെയാണ് മുംബൈ ജനത ഈ നടപടിയെ വരവേറ്റത്. ജനപ്രതിനിധികൾ ജനങ്ങളിലേക്ക് ഇറങ്ങിവരേണ്ടത് എങ്ങനെയെന്ന് കാണിച്ചുതരുന്നതാണ് മേയറുടെ ഈ പ്രവൃത്തിയെന്ന് യാത്രക്കാർ സാക്ഷ്യപ്പെടുത്തുന്നു.
കേവലമൊരു പ്രഖ്യാപനത്തിനപ്പുറം മുംബൈയിലെ സാധാരണക്കാരായ ലക്ഷക്കണക്കിന് യാത്രികർ ദിവസേന നേരിടുന്ന യാത്രാക്ലേശങ്ങൾ നേരിട്ട് മനസ്സിലാക്കാൻ കൂടിയാണ് മേയർ റിതു താവ്‌ഡെ ഈ പൊതുഗതാഗത സംവിധാനങ്ങൾ തിരഞ്ഞെടുത്തത്. യാത്രയ്ക്കിടയിൽ ജനങ്ങളുമായി അവർ നേരിട്ട് സംവദിക്കുകയും, ലോക്കൽ ട്രെയിനുകളിലെ തിരക്കും ബെസ്റ്റ് ബസ് സർവീസുകളിലെ പോരായ്മകളും സംബന്ധിച്ച പരാതികൾ ചോദിച്ചറിയുകയും ചെയ്തു. നഗരത്തിലെ പൊതുഗതാഗത സംവിധാനം കൂടുതൽ മെച്ചപ്പെടുത്താൻ ഈ അനുഭവം സഹായിക്കുമെന്നും മേയർ വ്യക്തമാക്കി.