സി.പി.എമ്മിന്റേത്‌ കപടമുഖം; തിരുവനന്തപുരം നഗരസഭ മാറ്റത്തിന്റെ പാതയിലെന്ന് കെ.ബി. ഉത്തം കുമാർ

by WhatsUp Mumbai

മുംബൈ: മേയർ വി.വി. രാജേഷിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം നഗരസഭ വലിയ മാറ്റത്തിന്റെ പാതയിലാണെന്ന് ബി.ജെ.പി. മഹാരാഷ്ട്ര കേരള വിഭാഗം കൺവീനർ കെ.ബി. ഉത്തം കുമാർ. അഴിമതിയും സ്വജനപക്ഷപാതവും മുഖമുദ്രയാക്കി നാലര പതിറ്റാണ്ടുകാലം നഗരത്തെ കൊള്ളയടിച്ച സി.പി.എമ്മിന് പരാജയം ഉൾക്കൊള്ളാനാവാതെ സമനില തെറ്റിയ നിലയിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മേയർ വി.വി. രാജേഷുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വർഷങ്ങളായി തിരുവനന്തപുരം നഗരസഭയെ സ്വന്തം ഖജനാവായാണ് സി.പി.എം. ഉപയോഗിച്ചിരുന്നതെന്ന് ഉത്തം കുമാർ ആരോപിച്ചു. ഓഡിറ്റോറിയങ്ങൾ അടക്കമുള്ള നഗരസഭാ സ്വത്തുക്കൾ സി.പി.എം. നേതാക്കൾ കൈയടക്കി വെക്കുകയും അതിന്റെ വാടക സ്വന്തമായി പിരിച്ചെടുക്കുകയുമായിരുന്നു. ജനങ്ങളോട് കാട്ടിയ ഈ വഞ്ചനയ്ക്കുള്ള മറുപടിയായാണ് ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള ഭരണസമിതിയെ ജനങ്ങൾ അധികാരത്തിലേറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭരണം നഷ്ടമായത് ഉൾക്കൊള്ളാൻ കഴിയാത്ത സി.പി.എം., നഗരസഭാ ഭരണത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും ഗൂഢനീക്കങ്ങൾ നടത്തുകയാണ്. കാലങ്ങളായുള്ള അഴിമതി ഭരണത്തിൽ നിന്ന് ആശ്വാസം ലഭിച്ച തിരുവനന്തപുരത്തെ ജനങ്ങൾ, സി.പി.എമ്മിന്റെ കപടമുഖം വലിച്ചുകീറുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ കഴിയുന്നതെന്നും കെ.ബി. ഉത്തം കുമാർ വ്യക്തമാക്കി.

You may also like