വസായ്: ശ്രീനാരായണ മന്ദിരസമിതി വസായ്–നയ്ഗാവ് യൂണിറ്റിന്റെ പുതിയ ഗുരു സെൻ്ററിന്റെ ഉദ്ഘാടനവും ഗുരുദേവ പ്രതിഷ്ഠാ കർമവും കുടുംബ സംഗമവും ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു. സമിതി പ്രസിഡൻറ് എം. ഐ. ദാമോദരൻ ഉദ്ഘാടനം നിർവഹിച്ചു. പ്രതിഷ്ഠാ കർമത്തിന് മനോജ് ശാന്തി മുഖ്യകാർമികത്വം വഹിച്ചു.
തുടർന്ന് നടന്ന സമ്മേളനത്തിൽ വസായ്–വിരാർ മുനിസിപ്പൽ കോർപ്പറേഷൻ മേയർ അജീവ് യശ്വന്ത് പാട്ടീൽ മുഖ്യാതിഥിയായി. മുൻ മേയർ നാരായൺ മാൻകർ വിശിഷ്ടാതിഥിയായി പങ്കെടുത്തു. വിദ്യാഭ്യാസ–സേവന രംഗങ്ങളിൽ ശ്രീനാരായണ മന്ദിരസമിതി നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും, സമിതിയുടെ ജനോപകാരപ്രദമായ എല്ലാ പ്രവർത്തനങ്ങൾക്കും കോർപ്പറേഷന്റെ പൂർണ പിന്തുണ ഉണ്ടായിരിക്കുമെന്നും മേയർ അജീവ് യശ്വന്ത് പാട്ടീൽ പറഞ്ഞു.

മന്ദിര സമിതിയുടെ പ്രവർത്തന ദിശയും ഭാവിയിൽ നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതികളും സംബന്ധിച്ച് പ്രസിഡൻറ് എം. ഐ. ദാമോദരൻ വിശദീകരിച്ചു. വസായ് ശിവക്ഷേത്ര പരിസരത്തുനിന്ന് ഗുരു സെൻ്ററിലേക്ക് അലങ്കരിച്ച രഥത്തിൽ ഗുരുദേവന്റെ ഛായാചിത്രം വഹിച്ച് നടത്തിയ ഘോഷയാത്ര ശ്രദ്ധേയമായി. വനിതകളടക്കം നൂറുകണക്കിന് ഗുരുദേവ ഭക്തർ ഘോഷയാത്രയിൽ അണിനിരന്നത് ചടങ്ങിന് കൂടുതൽ ഭംഗി പകർന്നു.
സമ്മേളനത്തിൽ സമിതി വൈസ് ചെയർമാൻ എസ്. ചന്ദ്രബാബു, ജനറൽ സെക്രട്ടറി ഒ. കെ. പ്രസാദ്, സോണൽ സെക്രട്ടറിമാരായ പി. ഹരീന്ദ്രൻ, കെ. ഉണ്ണിക്കൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു. യൂണിറ്റ് സെക്രട്ടറി എം. എം. രാധാകൃഷ്ണൻ സ്വാഗതവും വനിതാവേദി യൂണിറ്റ് കൺവീനർ ഷൈമാ സുബ്രഹ്മണ്യൻ നന്ദിയും രേഖപ്പെടുത്തി.
ഗുരു സെൻ്റർ നിർമാണത്തിന് പിന്തുണ നൽകിയ ടി. സി. അച്ചുതൻ, വേലപ്പൻ പണിക്കർ, ലത വേലപ്പൻ, എം. ഡി. ആനന്ദൻ, കെ. കൃഷ്ണൻകുട്ടി, മിശ്ര എന്നിവരെ ചടങ്ങിൽ ആദരിച്ചു. കലാപരിപാടികളും അരങ്ങേറി.