വിവാഹവാഗ്ദാന ലംഘനം ബലാത്സംഗമല്ല; വ്യാജ പരാതി തള്ളി ബോംബെ ഹൈ കോടതി, കെട്ടിച്ചമച്ച കേസിൽ നിന്ന് യുവാവിന് പൂർണ്ണ മോചനം!

by WhatsUp Mumbai

​മുംബൈ: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതി നിയമവ്യവസ്ഥയെ ദുരുപയോഗം ചെയ്യാനുള്ള ആസൂത്രിത നീക്കമെന്ന് നിരീക്ഷിച്ച് ബോംബെ ഹൈക്കോടതി. വ്യത്യസ്ത പുരുഷന്മാർക്കെതിരെ മുൻപ് നാല് തവണ സമാനമായ പീഡനക്കേസുകൾ ഫയൽ ചെയ്ത 34-കാരിയുടെ അഞ്ചാമത്തെ പരാതിയാണ് കോടതി റദ്ദാക്കിയത്. യുവതിക്ക് വ്യാജപരാതികൾ നൽകുന്നത് ഒരു ശീലമാണെന്ന് നിരീക്ഷിച്ച കോടതി, വ്യക്തിപരമായ നേട്ടങ്ങൾക്കായി നിയമപ്രക്രിയയെ ദുരുപയോഗം ചെയ്ത ക്രൂരമായ നടപടിയാണിതെന്നും കടുത്ത ഭാഷയിൽ വിമർശിച്ചു.

​താനെ (Thane) സ്വദേശിയായ 30-കാരനായ ടൂർ മാനേജർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ആർ.ആർ. ഭാൺസാലെയുടെ (Justice R R Bhonsale) സിംഗിൾ ബെഞ്ച് ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. ഭാവിയിൽ ഈ യുവതി ആർക്കെതിരെയെങ്കിലും പീഡനപരാതിയുമായി എത്തിയാൽ പോലീസ് ജാഗ്രത പാലിക്കണമെന്നും, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് പ്രാഥമിക അന്വേഷണം നിർബന്ധമാക്കണമെന്നും മഹാരാഷ്ട്ര ഡിജിപിക്ക് കോടതി കർശന നിർദേശം നൽകി. യുവതിയുടെ മുൻകാല കേസുകളുടെ വിശദാംശങ്ങൾ സംസ്ഥാനത്തെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലും എത്തിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

നിയമത്തെ വെല്ലുവിളിച്ച 10 എഫ്.ഐ.ആറുകൾ!

യുവതിയുടെ മുൻകാല ചരിത്രം പരിശോധിച്ച കോടതിയെപ്പോലും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. വിവിധ ആളുകൾക്കെതിരെ യുവതി ഇതുവരെ ആകെ 10 എഫ്.ഐ.ആറുകളാണ് ഫയൽ ചെയ്തിട്ടുള്ളത്. ഇതിൽ ബാങ്ക് ഉദ്യോഗസ്ഥർ, പോലീസ് ഉദ്യോഗസ്ഥർ, ബിസിനസുകാർ എന്നിവരുൾപ്പെടുന്നു. ഇതിൽ നാലെണ്ണം ഐപിസി 376 (ബലാത്സംഗം) പ്രകാരമുള്ളവയാണ്. ഇതിൽ രണ്ടു കേസുകളിലെ ആരോപണങ്ങൾ പൂർണ്ണമായും സമാനമായിരുന്നു. ഒരു കേസിൽ പ്രതിയെ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു. രണ്ട് ഭർത്താക്കന്മാർക്കെതിരെ സ്ത്രീപീഡന നിയമപ്രകാരവും (IPC 498A) ഇവർ മുൻപ് കേസ് ഫയൽ ചെയ്തിട്ടുണ്ട്.

2019-ൽ മുംബൈ സഹാർ (Sahar) പോലീസ് സ്റ്റേഷനിലാണ് നിലവിലെ കേസ് രജിസ്റ്റർ ചെയ്തത്. മലേഷ്യ-സിംഗപ്പൂർ യാത്രയ്ക്കിടെ ടൂർ മാനേജരായ പ്രതി, നാല് ദിവസത്തിനകം തന്നോട് വിവാഹാഭ്യർത്ഥന നടത്തിയെന്നും വിദേശത്തുവെച്ചുൾപ്പെടെ രണ്ടുതവണ പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ പരാതി. എന്നാൽ 10 ദിവസത്തിന് ശേഷം വിവാഹത്തിൽ നിന്ന് പിന്മാറിയപ്പോഴാണ് യുവതി പോലീസിനെ സമീപിച്ചതെന്ന് പ്രതിഭാഗം അഭിഭാഷകൻ അർജുൻ കദം (Arjun Kadam) കോടതിയിൽ വാദിച്ചു. കേസ് പൂർണ്ണമായും കെട്ടിച്ചമച്ചതാണെന്നും പ്രതിഭാഗം വ്യക്തമാക്കി.

വിവാഹവാഗ്ദാന ലംഘനം എപ്പോഴും ബലാത്സംഗമല്ല

വിവാഹവാഗ്ദാനം നൽകിയുള്ള ശാരീരിക ബന്ധങ്ങൾ എല്ലാ സാഹചര്യങ്ങളിലും ബലാത്സംഗത്തിന്റെ പരിധിയിൽ വരികയില്ലെന്ന് സുപ്രീം കോടതി വിധികൾ ഉദ്ധരിച്ച് ഹൈക്കോടതി വ്യക്തമാക്കി. ലൈംഗിക താല്പര്യങ്ങൾക്കായി മാത്രം, തുടക്കം മുതൽ തന്നെ വഞ്ചിക്കണമെന്ന ഉദ്ദേശ്യത്തോടെ വ്യാജ വാഗ്ദാനം നൽകുമ്പോൾ മാത്രമേ പീഡനക്കുറ്റം നിലനിൽക്കുകയുള്ളൂ. പരസ്പര സമ്മതത്തോടെയുള്ള ബന്ധത്തിന് ശേഷം പിന്നീട് ഉണ്ടാകുന്ന അഭിപ്രായവ്യത്യാസങ്ങളെ ബലാത്സംഗമായി കാണാനാകില്ല. ഈ കേസിൽ പ്രതി വിവാഹത്തിനായി ശ്രമങ്ങൾ നടത്തിയിരുന്നുവെന്നും പിന്നീട് ബന്ധം തകരുകയായിരുന്നുവെന്നും കോടതി വിലയിരുത്തി.

കോടതി നടപടികളിൽ നിന്ന് യുവതി മനഃപൂർവം ഒഴിഞ്ഞുമാറിയതും പ്രോസിക്യൂഷൻ വാദങ്ങളെ ദുർബലപ്പെടുത്തി. കോടതി നോട്ടീസ് നേരിട്ടോ പോലീസ് വഴിയോ കൈപ്പറ്റാൻ യുവതി തയ്യാറായില്ല. കോടതി അനുവദിച്ച ലീഗൽ എയ്ഡ് അഭിഭാഷകനും ഹാജരായില്ല. സംസ്ഥാന സർക്കാരിന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.വി. വാൽവെ (S V Walve) ഹാജരായി. കേസ് തുടരുന്നത് നിയമവ്യവസ്ഥയോടുള്ള അനീതിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് യുവാവിനെതിരെയുള്ള എഫ്.ഐ.ആർ കോടതി റദ്ദാക്കിയത്.

You may also like