മുംബൈ: ലക്ഷക്കണക്കിന് യാത്രക്കാരെ വലച്ച ബെസ്റ്റ് (BEST) ജീവനക്കാരുടെ സമരം ഒടുവിൽ ഒത്തുതീർപ്പായി. ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഗതാഗത മന്ത്രി പ്രതാപ് സർനായിക് എന്നിവരുമായി യൂണിയൻ നേതാക്കൾ നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. ഇതോടെ മുംബൈ നഗരത്തിലെ ബസ് സർവീസുകൾ ഉടനടി പുനരാരംഭിക്കും.
സ്ഥിരം ജീവനക്കാർക്ക് 3000 രൂപയും കരാർ ജീവനക്കാർക്ക് 2000 രൂപയും ശമ്പളം വർദ്ധിപ്പിക്കാൻ ചർച്ചയിൽ ധാരണയായി. കുടിശ്ശികയുള്ള ഗ്രാറ്റുവിറ്റി തുക വിതരണം ചെയ്യാനും കാന്റീൻ, വിശ്രമമുറി സൗകര്യങ്ങൾ മെച്ചപ്പെടുത്താനും സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. ബാക്കിയുള്ള ആവശ്യങ്ങൾ അടുത്ത 15 ദിവസത്തിനകം ചർച്ച ചെയ്യും.
പ്രധാന ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ച സാഹചര്യത്തിൽ സമരം പിൻവലിക്കുന്നതായും ജീവനക്കാർ ഉടനടി ജോലിയിൽ പ്രവേശിക്കണമെന്നും ബെസ്റ്റ് കൃതി സമിതി നേതാവ് സച്ചിൻ അഹിർ അറിയിച്ചു. ബെസ്റ്റ് ജീവനക്കാരുടെ ക്ഷേമത്തിനായി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ വ്യക്തമാക്കി.