ഐഐടി ബോംബെയിലെ വിദ്യാർഥിയുടെ മരണം: ജാതി രാഷ്ട്രീയം വളർത്തരുത്, വിദ്യാഭ്യാസ സമ്പ്രദായമാണ് മാറേണ്ടതെന്ന് രാജ് താക്കറെ

by WhatsUp Mumbai

മുംബൈ: ഐഐടി ബോംബെയിലെ രണ്ടാം വർഷ ബിടെക് വിദ്യാർഥി സാഹിൽ വാകോഡെയുടെ ആത്മഹത്യയെ തുടർന്ന് ഉയർന്നുവന്ന ആരോപണങ്ങളിൽ പ്രതികരണവുമായി മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) അധ്യക്ഷൻ രാജ് താക്കറെ. അന്വേഷണം പൂർത്തിയാകുന്നതിന് മുൻപ് സംഭവത്തെ ജാതി അധിഷ്ഠിത രാഷ്ട്രീയ തർക്കങ്ങളിലേക്ക് തള്ളിവിടരുതെന്നും ശ്രദ്ധ തിരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ പോരായ്മകളിലേക്കും വിദ്യാർഥികൾ നേരിടുന്ന കടുത്ത മാനസിക സമ്മർദങ്ങളിലേക്കുമാണ് ഇനിയുള്ള ചർച്ചകൾ വഴിമാറേണ്ടതെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി.

പരീക്ഷയ്ക്കിടെ സാഹിൽ വാകോഡെ മൊബൈൽ ഫോണും ചാറ്റ്ജിപിടിയും (ChatGPT) ഉപയോഗിച്ചുവെന്ന് ഐഐടി അധികൃതർ ആരോപിക്കുകയും എന്നാൽ പിന്നീട് അന്വേഷണത്തിന് മുൻപ് അത്തരം പ്രസ്താവനകൾ നടത്തിയത് തെറ്റാണെന്ന് സമ്മതിച്ച് മാപ്പ് പറയുകയും ചെയ്തിരുന്നു. നിലവിൽ വിദ്യാർഥിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജാതി അധിഷ്ഠിത പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും കേസെടുക്കുകയും അന്വേഷണം മുംബൈ ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തിട്ടുണ്ട്. പരീക്ഷയിലെ തട്ടിപ്പുകൾ തടയേണ്ടത് പ്രൊഫസർമാരുടെ ചുമതലയാണെങ്കിലും കുറ്റം തെളിയുന്നതിന് മുൻപ് ഒരു വിദ്യാർഥിയെയോ അല്ലെങ്കിൽ ആരോപണങ്ങളുടെ പേരിൽ ഒരു പ്രൊഫസറെയോ കുറ്റക്കാരനായി മുദ്രകുത്തുന്നത് ശരിയല്ലെന്ന് രാജ് താക്കറെ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ 30-40 വർഷമായി വിദ്യാഭ്യാസ മേഖലയിലുണ്ടായ കച്ചവടവൽക്കരണം സിസ്റ്റത്തെ തകിടം മറിച്ചിട്ടുണ്ടെന്നും 20 വയസ്സുള്ള ഒരു യുവാവിന് ജീവിതത്തിലെ എല്ലാ വഴികളും അടഞ്ഞതായി തോന്നിയ സാഹചര്യം എന്താണെന്ന് പരിശോധിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. കടുത്ത മത്സരപരീക്ഷകൾ, പരിമിതമായ സീറ്റുകൾ, പഠനഭാരം, ക്യാമ്പസ് പ്ലേസ്‌മെന്റുകളിലെ ആശങ്കകൾ എന്നിവ വിദ്യാർഥികളിൽ വലിയ മാനസിക സമ്മർദം ഉണ്ടാക്കുന്നുണ്ട്. കോളേജുകളിൽ ഇരട്ടി ശക്തിയോടെ ജാതി-മത വിഭജനങ്ങൾ വളർത്തുന്നത് യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ആയുധമാണെന്നും അതിനാൽ വിദ്യാർഥികൾ അത്തരം വിഭജനങ്ങളിൽ വീണുപോകരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധങ്ങൾ ജാതി രാഷ്ട്രീയത്തിലേക്ക് വഴിമാറാതെ 24 മണിക്കൂറും പ്രവർത്തിക്കുന്ന സൈക്യാട്രിക് സേവനങ്ങൾ, കൗൺസിലിങ്, പരാതി പരിഹാര സംവിധാനങ്ങൾ, വിദ്യാഭ്യാസ മേഖലയിലെ ഘടനാപരമായ മാറ്റങ്ങൾ എന്നിവയ്ക്ക് വേണ്ടിയുള്ള പോരാട്ടമായി തുടരണമെന്ന് രാജ് താക്കറെ ആവശ്യപ്പെട്ടു. തകർന്നടിഞ്ഞ വിദ്യാഭ്യാസ സമ്പ്രദായത്തിലെ പോരായ്മകൾ പരിഹരിക്കുന്നതാണ് സാഹിൽ വാകോഡെയ്ക്ക് നൽകാൻ കഴിയുന്ന യഥാർത്ഥ ആദരാഞ്ജലിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You may also like