മുംബൈ: മഹാരാഷ്ട്രയിൽ ഭക്ഷണത്തിലെ മായംചേർക്കലിനും ശുചിത്വമില്ലായ്മയ്ക്കുമെതിരെ അതിശക്തമായ നടപടികളുമായി മുന്നേറുന്ന ഭക്ഷ്യ സുരക്ഷാ-മരുന്ന് ഭരണകൂടം (FDA) കമ്മീഷണർ തുക്കാറാം മുണ്ടെയ്ക്ക് പിന്തുണയുമായി ബോളിവുഡ് താരങ്ങൾ. പ്രീതി സിന്റ, മല്ലിക ഷെരാവത്ത് എന്നിവരുടെ പിന്തുണയെ സ്വാഗതം ചെയ്ത തുക്കാറാം മുണ്ടെ, വെറുമൊരു സന്ദേശത്തിലോ സോഷ്യൽ മീഡിയ പോസ്റ്റിലോ ഒതുങ്ങാതെ പ്രവൃത്തിയിലാണ് മാറ്റം വരേണ്ടതെന്ന് ഓർമ്മിപ്പിച്ചു.
’ടീം തുക്കാറാം മുണ്ടെ’ എന്നെഴുതിയ കറുത്ത ടി-ഷർട്ട് ധരിച്ചാണ് പ്രീതി സിന്റ അടുത്തിടെ രംഗത്തുവന്നത്. ഇത്തരം നായകന്മാരെ ആഘോഷിക്കേണ്ട സമയമാണിതെന്നായിരുന്നു താരത്തിന്റെ പ്രതികരണം. എന്നാൽ പ്രീതി സിന്റയുമായി നേരിട്ടോ ഫോണിലോ സംസാരിച്ചിട്ടില്ലെന്നും എന്നാൽ ടീം തുക്കാറാം മുണ്ടെയെ കുറിച്ച് പരാമർശിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ടി-ഷർട്ട് ധരിക്കുന്നത് കൊണ്ടുമാത്രം കാര്യമായില്ലെന്നും, ഭക്ഷണ സുരക്ഷയെന്ന ലക്ഷ്യത്തിനായി നല്ല രീതിയിൽ ചിന്തിക്കുന്നവർ ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇഡ്ഡലിയും ചമ്മന്തിയും കഴിക്കുന്ന വീഡിയോ പങ്കുവെച്ചാണ് നടി മല്ലിക ഷെരാവത്ത് എഫ്.ഡി.എയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ചത്. തുക്കാറാം മുണ്ടെയുടെ കർശനമായ നിയമങ്ങൾ കാരണം ഇപ്പോൾ സമാധാനത്തോടെ ഭക്ഷണം കഴിക്കാൻ സാധിക്കുന്നുണ്ടെന്നും കണ്ണ് വെട്ടിച്ച് ആർക്കും പോകാനാകില്ലെന്നും മല്ലിക പറഞ്ഞിരുന്നു. മല്ലികയ്ക്ക് നന്ദി അറിയിച്ച കമ്മീഷണർ, മായം ചേർത്തതും സുരക്ഷിതമല്ലാത്തതുമായ ഭക്ഷണപദാർത്ഥങ്ങൾക്ക് മേൽ ഓരോ പൗരനും കൃത്യമായ നിരീക്ഷണം ഉണ്ടായിരിക്കണമെന്ന് ആഹ്വാനം ചെയ്തു.
സൽമാൻ ഖാൻ, മനോജ് ബാജ്‌പേയി, ട്വിങ്കിൾ ഖന്ന തുടങ്ങിയ പ്രമുഖരും എഫ്.ഡി.എയുടെ കർശന നടപടികളെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. തമാശരൂപേണ പ്രതികരിച്ച ട്വിങ്കിൾ ഖന്ന, എഫ്.ഡി.എ സംഘം സ്വന്തം വീട്ടിൽ പരിശോധനയ്ക്ക് എത്തിയാൽ മുഗൾ സാമ്രാജ്യത്തിന്റെ കാലത്ത് കാലാവധി കഴിഞ്ഞ ഷാഹി മസാല പാക്കറ്റ് കണ്ടെത്തിയേക്കാമെന്ന് കുറിച്ചിരുന്നു.
പൊതുജനങ്ങളുടെയും പ്രമുഖരുടെയും പിന്തുണയ്ക്ക് നന്ദി അറിയിച്ച അദ്ദേഹം, ഭക്ഷണ സുരക്ഷ ഉറപ്പാക്കുന്നത് ഒരാളുടെ മാത്രം ചുമതലയല്ലെന്നും എല്ലാവരുടെയും കൂട്ടായ പരിശ്രമം ആവശ്യമാണെന്നും എടുത്തുപറഞ്ഞു. എഫ്.ഡി.എ പോർട്ടലിൽ പരാതികൾ നൽകാൻ ജനങ്ങൾ മുന്നോട്ടുവരണമെന്നും അന്വേഷിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും തുക്കാറാം മുണ്ടെ വ്യക്തമാക്കി.