ഗണേശോത്സവത്തിലെ 10 ദിവസത്തെ മദ്യനിരോധനം: ഹൈക്കോടതി ഇടപെടലിൽ തീരുമാനം മാറ്റി പൂനെ ജില്ലാ ഭരണകൂടം

by WhatsUp Mumbai

മുംബൈ: ഗണേശോത്സവ കാലത്ത് പൂനെ ജില്ലയിൽ പ്രഖ്യാപിച്ചിരുന്ന 10 ദിവസത്തെ പൂർണ മദ്യനിരോധന ഉത്തരവ് പ്രാദേശിക ഭരണകൂടം പിൻവലിച്ചു. ബോംബെ ഹൈക്കോടതിയുടെ രൂക്ഷവിമർശനത്തെയും മുന്നറിയിപ്പിനെയും തുടർന്നാണ് കളക്ടറുടെ ഈ നടപടി. മറ്റു ജില്ലകൾക്കൊന്നും ഇല്ലാത്ത നിയന്ത്രണം പൂനെയിൽ മാത്രം ഏർപ്പെടുത്തിയത് എന്തിനാണെന്ന് കോടതി ആവർത്തിച്ച് ചോദിച്ചു.

​ചീഫ് ജസ്റ്റിസ് എം.സി. ത്രിപാഠി, ജസ്റ്റിസ് അദ്വൈത് സേത്ന എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹോട്ടൽ ഉടമകളുടെയും വൈൻ ഷോപ്പ് ഉടമകളുടെയും സംഘടനകൾ സമർപ്പിച്ച ഹർജിയിലായിരുന്നു കോടതിയുടെ ഇടപെടൽ. പൂനെയെ മാത്രം ഒറ്റപ്പെടുത്തി ഇത്തരമൊരു തീരുമാനം എടുത്തത് അവിടുത്തെ ജനങ്ങളെ മോശക്കാരായി ചിത്രീകരിക്കുന്നതിന് തുല്യമാണെന്ന് ബെഞ്ച് നിരീക്ഷിച്ചു.

മദ്യപിക്കുന്ന എല്ലാവരും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന നിഗമനം തെറ്റാണെന്നും, ലൈസൻസുള്ള വ്യാപാരികൾക്ക് മേൽ ഇത്തരത്തിൽ പൂർണ നിരോധനം ഏർപ്പെടുത്താനാകില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ കോടതി നേരിട്ട് ഇടപെട്ട് ഉത്തരവ് റദ്ദാക്കുമെന്നും മുന്നറിയിപ്പ് നൽകി. ഇതേത്തുടർന്നാണ് തീരുമാനം പിൻവലിക്കാൻ പൂനെ ജില്ലാ ഭരണകൂടം നിർബന്ധിതരായത്.

You may also like