നോർക്ക പ്രവാസി മഹാ-സംഗമം: കേരള സർക്കാർ ഉന്നത സംഘം ഡോംബിവലി കേരളീയ സമാജത്തിൽ

by WhatsUp Mumbai

താനെ : പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾ നേരിട്ട് കേൾക്കാനും പരിഹരിക്കാനുമായി കേരള സർക്കാരിന്റെ പ്രവാസി ക്ഷേമ വകുപ്പായ നോർക്ക റൂട്ട്സിന്റെ ഉന്നതതല സംഘം ഡോംബിവലിയിലെത്തുന്നു. കേരളീയ സമാജം ഡോംബിവലിയുടെ സാമൂഹ്യക്ഷേമ വിഭാഗവും നോർക്ക റൂട്ട്സും സംയുക്തമായി സംഘടിപ്പിക്കുന്ന ‘നോർക്ക പ്രവാസി മഹാ-സംഗമം’ സെപ്റ്റംബർ 13 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് താക്കുർളിയിലെ മോഡൽ കോളേജിൽ വെച്ച് നടക്കും.

നോർക്ക റൂട്ട്സ് സി.ഇ.ഒ.രാജേഷ് മാധവൻ, ജനറൽ മാനേജർ പ്രകാശ് പി. ജോസഫ്, മഹാരാഷ്ട്ര ഉൾപ്പെടെ 17 സംസ്ഥാനങ്ങളുടെ ചുമതലയുള്ള ഡെവലപ്മെന്റ് ഓഫീസർ അരുൺ ആർ.ബി, അസി. സെക്ഷൻ ഓഫീസർ അഖിൽ കൃഷ്ണൻ, നോർക്ക കെയർ പ്ലസ് പ്രതിനിധി സന്തോഷ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രവാസികളുമായി സംവദിക്കുന്നത്.

ഓണക്കാലത്ത് നടത്തിയ പ്രവാസി രജിസ്ട്രേഷൻ ക്യാമ്പിൽ അപേക്ഷ നൽകിയവർക്കുള്ള 3 വർഷത്തെ അപകട ഇൻഷുറൻസ് പരിരക്ഷയോടു കൂടിയ ഔദ്യോഗിക NRK ID കാർഡ് വിതരണവും, NORKA Care Plus ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ചേരാനുള്ള അവസരവും ചടങ്ങിൽ ഉണ്ടായിരിക്കും.

എല്ലാ പ്രവാസി മലയാളികളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി കേരളീയ സമാജം ചെയർമാൻ വർഗീസ് ഡാനിയേൽ, ജനറൽ സെക്രട്ടറി രാജശേഖരൻ നായർ എന്നിവർ അറിയിച്ചു.
വിവരങ്ങൾക്ക്: ബിജു രാജൻ – 9029394349, പവിത്രൻ നായർ – 9004435656.

You may also like