സിനിമാതാരങ്ങളെയും ക്രിക്കറ്റ് താരങ്ങളെയും മറാഠി സംസാരിക്കാൻ നിർബന്ധിക്കാനാവില്ല; അഭ്യർഥിക്കാൻ മാത്രമേ കഴിയൂ: മന്ത്രി പ്രതാപ് സർനായിക്

by WhatsUp Mumbai

മുംബൈ: ബോളിവുഡ് താരങ്ങൾ, ക്രിക്കറ്റ് താരങ്ങൾ, സാധാരണക്കാരായ ജനങ്ങൾ എന്നിവരെ മറാഠി ഭാഷ സംസാരിക്കാൻ നിർബന്ധിക്കാനാവില്ലെന്ന് മഹാരാഷ്ട്ര ഗതാഗത മന്ത്രി പ്രതാപ് സർനായിക്. ഇത്തരം ആളുകളോട് മറാഠിയിൽ സംസാരിക്കാൻ അഭ്യർഥിക്കാൻ മാത്രമേ സാധിക്കൂ എന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, ടാക്സി, ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് മറാഠി ഭാഷ നിർബന്ധമാക്കുന്നതിന് നിയമപരമായ ചട്ടക്കൂടുണ്ടെന്നും അതിന് സർക്കാരിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബോളിവുഡ് നടൻ സഞ്ജയ് ദത്തിന്റെ മറാഠി ഭാഷ പരാമർശവുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങളോട് വാർത്താമാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ദഹി ഹണ്ഡി ആഘോഷ പരിപാടിക്കിടെ നടത്തിയ പരാമർശങ്ങളാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. പൂനെ യെർവാഡ സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന കാലത്ത് കുറച്ചൊക്കെ മറാഠി പഠിച്ചെങ്കിലും ഭാഷ കൃത്യമായി പഠിക്കാൻ കഴിഞ്ഞില്ലെന്നായിരുന്നു സഞ്ജയ് ദത്തിന്റെ പ്രസ്താവന. ഇത് കേട്ട് മന്ത്രി പ്രതാപ് സർനായിക് ചിരിച്ചതും വിമർശനത്തിന് കാരണമായിരുന്നു.

ആഘോഷ പരിപാടിയുടെ ഒന്നര മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ദൃശ്യങ്ങൾ തന്റെ പക്കലുണ്ടെന്ന് പ്രതാപ് സർനായിക് പറഞ്ഞു. സുനിൽ ഷെട്ടി, സഞ്ജയ് ദത്ത്, ബാദ്ഷാ, സൂര്യകുമാർ യാദവ് എന്നിവർ എത്ര നന്നായി മറാഠിയിൽ സംസാരിച്ചുവെന്ന് ജനങ്ങൾ കാണട്ടെയെന്നും അദ്ദേഹം പറഞ്ഞു. ആളുകൾ ഹിന്ദി സിനിമകൾ കാണുന്നുണ്ടെന്നും അവരെ ആരും അതിൽ നിന്ന് തടയുകയോ മറാഠി സിനിമകൾ മാത്രം കാണാൻ നിർബന്ധിക്കുകയോ ചെയ്യുന്നില്ലെന്നും, രാജ്യത്ത് എല്ലാ ഭാഷകൾക്കും സംഭാഷണ രീതികൾക്കും അതിന്റേതായ സ്ഥാനമുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ടാക്സി, ഓട്ടോ ഡ്രൈവർമാർ ഒരു വർഷത്തിനകം മറാഠി പഠിക്കണമെന്ന് നിർദേശിച്ച കാര്യത്തിലും മന്ത്രി വ്യക്തത വരുത്തി. ഡ്രൈവർമാർ നിയമപരമായ ചട്ടക്കൂടിന് കീഴിൽ വരുന്നതിനാലാണ് അവരോട് ഭാഷ അറിയണമെന്ന് നിഷ്കർഷിക്കുന്നത്. എന്നാൽ സിനിമാതാരങ്ങളെയോ ക്രിക്കറ്റ് താരങ്ങളെയോ വഴിപോക്കരെയോ തടഞ്ഞുനിർത്തി മറാഠിയിൽ മാത്രം സംസാരിക്കണമെന്ന് നിർബന്ധിക്കാൻ കഴിയില്ലെന്ന് പ്രതാപ് സർനായിക് കൂട്ടിച്ചേർത്തു.

You may also like