മഹാരാഷ്ട്രയിൽ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ മുഖച്ഛായ: തഡോബയിൽ ഫൈവ് സ്റ്റാർ റിസോർട്ട്; പ്രമുഖ കേന്ദ്രങ്ങൾ നവീകരിക്കാൻ എംടിഡിസി

by WhatsUp Mumbai

മുംബൈ: സംസ്ഥാനത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വൻ വികസന പദ്ധതികളുമായി മഹാരാഷ്ട്ര ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (MTDC). പ്രശസ്ത വന്യജീവി സങ്കേതമായ തഡോബയിൽ പുതിയ ഫൈവ് സ്റ്റാർ റിസോർട്ട് നിർമ്മിക്കുന്നതിനൊപ്പം പ്രമുഖ ടൂറിസം കേന്ദ്രങ്ങളിലെ റിസോർട്ടുകൾ നവീകരിക്കാനും എംടിഡിസി തീരുമാനിച്ചു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (PPP) ഡിസൈൻ, ബിൽഡ്, ഫിനാൻസ്, ഓപ്പറേറ്റ് ആൻഡ് ട്രാൻസ്ഫർ (DBFOT) മാതൃകയിലാണ് പദ്ധതി നടപ്പാക്കുന്നത്.  

തഡോബയിൽ 25 ഹെക്ടർ ഭൂമിയിലാണ് പുതിയ ഫൈവ് സ്റ്റാർ റിസോർട്ട് ഉയർന്നുവരുന്നത്. 60 വർഷത്തെ പാട്ടക്കാലാവധിയിലാണ് ഇത് സ്വകാര്യ ഓപ്പറേറ്റർക്ക് കൈമാറുന്നത്. ഇതിനു പുറമെ മഹാബലേശ്വറിലെ ഫോർ സ്റ്റാർ റിസോർട്ടും മാഥേരാൻ, മിത്ബാവ്, ഹരിഹരേശ്വർ എന്നിവിടങ്ങളിലെ ത്രീ സ്റ്റാർ റിസോർട്ടുകളും അത്യാധുനിക രീതിയിൽ പുനർനിർമ്മിക്കും. മഹാബലേശ്വർ പ്രോപ്പർട്ടി 60 വർഷത്തേക്കും മാഥേരാൻ, മിത്ബാവ്, ഹരിഹരേശ്വർ പ്രോപ്പർട്ടികൾ 30 വർഷത്തെ കരാറിലുമാണ് നൽകുന്നത്. 

പദ്ധതികളുടെ നിർമ്മാണവും പുരോഗതിയും കൃത്യമായി നിരീക്ഷിച്ച് ഗുണനിലവാരം ഉറപ്പാക്കാൻ ഒരു സ്വതന്ത്ര പ്രൊജക്റ്റ് മോണിറ്ററിംഗ് ഏജൻസിയെ (സ്വതന്ത്ര വിദഗ്ധരെ) നിയമിക്കാനും എംടിഡിസി അപേക്ഷ ക്ഷണിച്ചു. ഡിസൈൻ, നിർമ്മാണ ഘട്ടം മുതൽ പ്രവർത്തനം ആരംഭിക്കുന്നത് വരെയുള്ള മേൽനോട്ടം ഈ ഏജൻസിക്കായിരിക്കും. പങ്കടുക്കുന്ന കൺസൾട്ടിംഗ് സ്ഥാപനങ്ങൾക്ക് കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിൽ കുറഞ്ഞത് 10 കോടി രൂപയുടെ ശരാശരി വാർഷിക വിറ്റഴവ് (Turnover) ഉണ്ടായിരിക്കണം. നിർമ്മാണം പൂർത്തിയാകുന്നതിനനുസരിച്ച് 24 മാസം മുതൽ 60 മാസം വരെയായിരിക്കും മോണിറ്ററിംഗ് ഏജൻസിയുടെ മേൽനോട്ട കാലാവധി.

You may also like