മുംബൈ:ഓണാഘോഷങ്ങളുടെ ഭാഗമായി അന്ധേരി മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ പൂക്കള മത്സരം സംഘടിപ്പിക്കുന്നു. 2026 സെപ്റ്റംബർ 26 ശനിയാഴ്ച വൈകുന്നേരം 6.00 മണിക്ക് അന്ധേരി ഈസ്റ്റ് മഹാകാളി കേവ്സ് റോഡിലെ കനോസ കോൺവെന്റ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിലാണ് മത്സരം നടക്കുക. വിവിധ ടീമുകൾക്ക് മത്സരത്തിൽ പങ്കെടുക്കാം.
വിജയികൾക്ക് ക്യാഷ് പ്രൈസുകളും പങ്കെടുക്കുന്ന മറ്റു ടീമുകൾക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകും. സെപ്റ്റംബർ 27 ഞായറാഴ്ച നടക്കുന്ന ഓണാഘോഷ പരിപാടിയിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. കേരളത്തിന്റെ പാരമ്പര്യവും സർഗാത്മകതയും ജനങ്ങളിലേക്ക് എത്തിക്കുന്നതിനും യുവജനങ്ങളുടെയും വിവിധ സമൂഹങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനുമാണ് മത്സരം സംഘടിപ്പിക്കുന്നത്.
ഓണാഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 25 മുതൽ 27 വരെ അന്ധേരി മെട്രോ സ്റ്റേഷനിൽ സമാജം ഒരുക്കിയ ഭീമൻ പൂക്കളം ഏകദേശം മൂന്ന് ലക്ഷം യാത്രക്കാരുടെയും പൊതുജനങ്ങളുടെയും ശ്രദ്ധ നേടിയിരുന്നു. 2000-ത്തിന്റെ തുടക്കത്തിൽ രൂപംകൊണ്ട അന്ധേരി മലയാളി സമാജം അന്ധേരി ഈസ്റ്റിലെയും മഹാകാളി കേവ്സ് പ്രദേശത്തെയും മലയാളികളുടെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ക്ഷേമ പ്രവർത്തനങ്ങളിൽ സജീവമാണ്. ജീവകാരുണ്യ പ്രവർത്തനങ്ങൾ, വിദ്യാർത്ഥികൾക്കുള്ള സഹായം, രോഗികൾക്കുള്ള ചികിത്സാസഹായം, വൃദ്ധസദനങ്ങൾക്കും അനാഥാലയങ്ങൾക്കും പിന്തുണ എന്നിവയും സമാജം നടത്തിവരുന്നു.
പൂക്കള മത്സരത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള ടീമുകൾ രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി കമല ടീച്ചർ (9819412370), ശ്രീജു മേനോൻ (9892362241), സുരേന്ദ്ര ബാബു (9820063617) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.