കൈരളി CBDയുടെ 43-ാമത് ഓണാഘോഷം പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു; ഇൻഷുറൻസ് പരിരക്ഷയും ചികിത്സാ ഇളവുകളും ലഭ്യമാക്കുമെന്ന് പ്രഖ്യാപനം

by admin

നവി മുംബൈ: കൈരളി ആർട്സ്, കൾച്ചറൽ & വെൽഫെയർ അസോസിയേഷൻ (കൈരളി CBD)യുടെ 43-ാമത് ഓണാഘോഷം സെപ്റ്റംബർ 6-ന് കൈരളി CBD ഹാളിൽ പ്രൗഢഗംഭീരമായി നടന്നു. രാവിലെ 10 മണിക്ക് പ്രസിഡന്റ് ജി. കോമളൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി ഇ. രാമദാസൻ, ട്രഷറർ ബിനൂ പാപ്പച്ചൻ, ജോയിന്റ് ട്രഷറർ എം. കെ. വി. സുരേഷ്, വൈസ് പ്രസിഡന്റ് ടി. ആർ. ചന്ദ്രൻ, സീനിയർ കമ്മിറ്റി അംഗങ്ങളായ ജോസഫ് സ്കറിയ, ശ്രീജിത്ത്, ദേവദാസൻ, ഭാർഗവി ഗോവിന്ദൻ, ബിജു ഗോവിന്ദൻ, രമേശൻ, തമ്പാൻ, ഹരിദാസൻ, പ്രേമരാജൻ, മുരളി സുരേന്ദ്രൻ, ലേഡീസ് കൺവീനർമാരായ ശീബാ കോമളൻ, ബിനു സാബു എന്നിവരും ദീപം തെളിയിക്കുന്ന ചടങ്ങിൽ പങ്കുചേർന്നു. സെക്രട്ടറി ഇ. രാമദാസൻ സ്വാഗതം ആശംസിച്ചു.

ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മാവേലിയെ വരവേറ്റതും അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ, ഗാനങ്ങൾ, നൃത്തങ്ങൾ, തിരുവാതിരക്കളി എന്നിവയും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. ചടങ്ങിൽ ഹൃദയം നിറഞ്ഞ ഓണാശംസകൾ നേർന്ന പ്രസിഡന്റ് ജി. കോമളൻ, കുടുംബാംഗങ്ങളുടെ ക്ഷേമത്തിനാണ് കൈരളി മുൻഗണന നൽകുന്നതെന്ന് വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ എല്ലാ കുടുംബാംഗങ്ങളും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

ഇൻഷുറൻസ് എടുത്തിട്ടില്ലാത്ത കൈരളി കുടുംബാംഗങ്ങൾക്ക് അനുകൂല നിരക്കിൽ അത് ലഭ്യമാക്കുന്നതിനായി മുംബൈ ആസ്ഥാനമായുള്ള ഏജൻസിയുമായി സഹകരിച്ച് നടപടികൾ തുടങ്ങിയതായി അദ്ദേഹം അറിയിച്ചു. കൂടാതെ, സമീപത്തുള്ള ആശുപത്രികളിൽ കൈരളി കുടുംബാംഗങ്ങൾക്ക് ഇളവുള്ള നിരക്കിൽ ഡോക്ടർ കൺസൾട്ടേഷനും ചികിത്സാ സൗകര്യങ്ങളും ലഭ്യമാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏകദേശം നാനൂറോളം കുടുംബാംഗങ്ങൾ പങ്കെടുത്ത ചടങ്ങിൽ വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. പാരമ്പര്യവും കൂട്ടായ്മയുടെ സന്ദേശവും ഉയർത്തിപ്പിടിച്ച ആഘോഷപരിപാടികൾ വൈകുന്നേരം 3 മണിയോടെ സമാപിച്ചു.

You may also like