നേത്രാവതി എക്സ്പ്രസ്സിൽ വൻ കവർച്ച: മലയാളി കുടുംബത്തിന്റെ 14 ലക്ഷത്തിന്റെ സ്വർണാഭരണങ്ങൾ കവർന്നു

by WhatsUp Mumbai

താനെ: കേരളത്തിൽ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന നേത്രാവതി എക്സ്പ്രസ്സിൽ (ട്രെയിൻ നമ്പർ: 16346) വീണ്ടും വൻ കവർച്ച. താനെ കിസാൻ നഗർ നിവാസികളായ സ്മിത പണിക്കർ , മകൾ ശ്രുതി പണിക്കർ എന്നിവരുടെ 85 ഗ്രാം (ഏകദേശം 10.5 പവൻ) സ്വർണാഭരണങ്ങളാണ് കവർന്നത്.വിപണിയിൽ ഇതിന് 14 ലക്ഷത്തോളം രൂപ വിലമതിക്കും.

കായംകുളത്തുനിന്നും താനെയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന S8 സ്ലീപ്പർ കോച്ചിലെ 79-ാം നമ്പർ സീറ്റിൽ വെച്ച് ഓഗസ്റ്റ് 31 തിങ്കളാഴ്ച പുലർച്ചെ 5:15-നും 5:30-നും ഇടയിലാണ് സംഭവം നടന്നത്. മഡ്ഗാവിനും തിവിമിനുമിടയിലുള്ള മജോർഡ ജംഗ്ഷന് സമീപത്തുവെച്ചാണ് കവർച്ച നടന്നതെന്ന് കരുതുന്നു. മൂന്ന് സ്വർണ്ണ വളകളും രണ്ട് പെൻഡന്റുകൾ അടങ്ങിയ മൂന്ന് സ്വർണ്ണ മാലകളും അടങ്ങിയ പേഴ്സാണ് നഷ്ടപ്പെട്ടത്.

പിടിവലിക്കിടെ അത്ഭുതകരമായ രക്ഷപ്പെടൽ

വാതിലിനടുത്തുള്ള സീറ്റിലായിരുന്നു ഇവർ യാത്ര ചെയ്തിരുന്നത്. ട്രെയിൻ വേഗത കുറച്ച സമയം നോക്കി അമ്മ സ്മിതാ പണിക്കരുടെ കയ്യിലുണ്ടായിരുന്ന ബാഗ് മോഷ്ടാവ് പെട്ടെന്ന് തട്ടിപ്പറിച്ചെടുക്കുകയായിരുന്നു. എന്നാൽ ബാഗ് വിട്ടുകൊടുക്കാതെ സ്മിത തിരികെ പിടിമുറുക്കിയതോടെ ശക്തമായ പിടിവലിയുണ്ടായി. ബാഗുമായി ഓടുന്നതിനിടയിൽ സ്മിതയെ വാതിലിനടുത്തേക്ക് വലിച്ചുകൊണ്ടുപോവുകയും പുറത്തേക്ക് തള്ളിയിടാൻ തക്കവിധം അപകടകരമായ സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്തു. തലനാരിഴയ്ക്കാണ് വലിയൊരു അപകടത്തിൽ നിന്നും സ്മിത രക്ഷപ്പെട്ടത്. തുടർന്ന് മോഷ്ടാവ് ബാഗുമായി പുറത്തേക്ക് ചാടുകയായിരുന്നു. 15 വർഷത്തോളമായി കുടുംബം അധ്വാനിച്ചുണ്ടാക്കിയ ആഭരണങ്ങൾ മുഴുവൻ ഒറ്റ രാത്രികൊണ്ട് നഷ്ടപ്പെട്ടത് വലിയ ആഘാതമായി.

മുംബൈയിൽ ജോലി ചെയ്യുന്ന കാസർഗോഡ് സ്വദേശി അബ്ദുൾ റഹ്മാൻ ഈ സംഭവത്തിന് ദൃക്സാക്ഷിയായിരുന്നു. ബഹളം കേട്ട് ഉണർന്നു നോക്കുമ്പോഴേക്കും മോഷ്ടാവ് പുറത്തേക്ക് ചാടിപ്പോയിരുന്നുവെന്ന് അബ്‌ദുൾ റഹിമാൻ പറഞ്ഞു.

നേത്രാവതി എക്സ്പ്രസ്സിൽ ഇത്തരത്തിലുള്ള മോഷണങ്ങൾ പതിവാണ്. മംഗലാപുരത്തുനിന്ന് ഒരു കള്ളൻ കയറുമ്പോൾ കാസർഗോഡുനിന്ന് വേറൊരാളും ഗോവയിൽ നിന്ന് മറ്റൊരാളും കയറുന്നു. അങ്ങനെ ഓരോ പ്രധാന സ്റ്റേഷനുകളിൽ നിന്നും ആൾക്കാർ കയറി കൃത്യമായ പദ്ധതികളോടെ മോഷണം നടത്തുന്ന ഒരു സംഘം തന്നെ ഇതിനുപിന്നിൽ പ്രവർത്തിക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. ഇതിനെതിരെ ശക്തമായ അന്വേഷണം നടക്കണമെന്നും യാത്രക്കാരുടെ ഭാഗത്തുനിന്ന് ശക്തമായ ഒരു കൂട്ടായ്മ രൂപപ്പെടണമെന്നും” അബ്ദുൾ റഹ്മാൻ ആവശ്യപ്പെട്ടു.

സംഭവവുമായി ബന്ധപ്പെട്ട് റെയിൽവേ പൊലീസിലും സുരക്ഷാ വിഭാഗങ്ങളിലും കുടുംബം പരാതി നൽകിയിട്ടുണ്ട്. വിവരമറിഞ്ഞ് എ.ഐ.കെ.എം.സി.സി മഹാരാഷ്ട്ര ഭാരവാഹികളും രാഷ്ട്രീയ-സാമൂഹിക പ്രവർത്തകനായ ആന്റണി ഫിലിപ്പും വിഷയത്തിൽ അടിയന്തരമായി ഇടപെട്ടു.

ദീർഘദൂര ട്രെയിനുകളിൽ മോഷണങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകണമെന്ന് എ.ഐ.കെ.എം.സി.സി മഹാരാഷ്ട്ര പ്രസിഡന്റ് അസീസ് മാണിയൂരും ആന്റണി ഫിലിപ്പും ആവശ്യപ്പെട്ടു. ട്രെയിനിലെ യാത്രക്കാരിൽ നിന്നും സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് അടിയന്തര അന്വേഷണം നടത്തി കുറ്റവാളികളെ ഉടനടി വലയിലാക്കണമെന്ന് ശ്രുതി പണിക്കരും പ്രതിനിധികളും റെയിൽവേ അധികൃതരോട് ആവശ്യപ്പെട്ടു.സംഭവത്തിൽ താനെ ആർ.പി.എഫ് കേസ് രജിസ്റ്റർ ചെയ്ത് എഫ്.ഐ.ആർ ഇട്ടു.

You may also like