മുംബൈ: തിരൂരങ്ങാടി ചെമ്മാട് സ്വദേശിനിയായ 38-കാരിയെ മുംബൈ കുർള റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് കണ്ടെത്തി. മഹാരാഷ്ട്ര എഐകെഎംസിസി പ്രവർത്തകരുടെ സമയോചിതമായ ഇടപെടലാണ് യുവതിയെ കണ്ടെത്താൻ സഹായിച്ചത്.
ഓഗസ്റ്റ് 30-നാണ് യുവതിയെ വീട്ടിൽ നിന്ന് കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ തിരൂരങ്ങാടി സബ് ഇൻസ്പെക്ടർ (എസ്.ഐ) സഫ്‌വാൻ കെ.പി. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. യുവതി മുംബൈയിലുണ്ടെന്ന വിവരത്തെ തുടർന്ന് ബന്ധുക്കൾ എഐകെഎംസിസി ദേശീയ സെക്രട്ടറി സലിം അലിബാഗുമായി ബന്ധപ്പെടുകയായിരുന്നു.
തുടർന്ന് എഐകെഎംസിസി സാക്കിനാക്ക മേഖല ട്രഷറർ കോയക്കുട്ടിയും മകളും സ്ഥലത്തെത്തി യുവതിയെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റി. പോലീസ് നടപടികൾ പൂർത്തിയാക്കി ഇവരെ നാളെ നാട്ടിലേക്ക് അയക്കും. എഐകെഎംസിസി പ്രവർത്തകരുടെ സേവനത്തെ എസ്.ഐ സഫ്‌വാൻ കെ.പി. അഭിനന്ദിക്കുകയും കുടുംബം നന്ദി അറിയിക്കുകയും ചെയ്തു.