കാലാവസ്ഥാ പ്രവചനം തെറ്റിച്ചു പെയ്ത് മഴ; ഒരു മാസം ബാക്കിനിൽക്കെ മുംബൈ തടാകങ്ങളിൽ 96% ജല ശേഖരം

by WhatsUp Mumbai

മുംബൈ: കാലവർഷം അവസാനിക്കാൻ ഒരു മാസത്തിലേറെ ബാക്കിനിൽക്കെ, മുംബൈയിൽ ഈ വർഷത്തെ ശരാശരി വാർഷിക മഴയുടെ 95.87 ശതമാനവും ലഭിച്ചതായി റിപ്പോർട്ട്. ഈ വർഷം ശരാശരിയിലും കുറഞ്ഞ മഴ മാത്രമേ ലഭിക്കൂ എന്ന പ്രവചനങ്ങൾ നിലനിൽക്കെയാണ് മുംബൈ നഗരത്തിൽ മഴ കനത്തു പെയ്തത്.

ഓഗസ്റ്റ് 29 വരെയുള്ള കണക്കുകൾ പ്രകാരം സാന്താക്രൂസ് നിരീക്ഷണ കേന്ദ്രത്തിൽ 2223.3 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. മുംബൈയുടെ ശരാശരി വാർഷിക മഴ 2391 മില്ലിമീറ്ററാണ്. എന്നാൽ, കഴിഞ്ഞ വർഷം ഇതേ ദിവസം സാന്താക്രൂസ് ഒബ്സർവേറ്ററിയിൽ 103 ശതമാനം മഴ രേഖപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ആഴ്ച മുംബൈയിലും മുംബൈ മെട്രോപൊളിറ്റൻ റീജ്യനിലും (MMR) ലഘുവായതും മിതമായതുമായ മഴ പെയ്തിരുന്നു. ഞായറാഴ്ച ഭാഗികമായി മേഘാവൃതവും ഈർപ്പമുള്ളതുമായ കാലാവസ്ഥയായിരുന്നു നഗരത്തിൽ. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD) പ്രവചനപ്രകാരം, ഈ ആഴ്ചയിലും മേഖലയിൽ ലഘുവായതോ മിതമായതോ ആയ മഴ തുടരാൻ സാധ്യതയുണ്ട്.

മുംബൈ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും അടുത്ത 48 മണിക്കൂറിലെ പ്രാദേശിക കാലാവസ്ഥാ പ്രവചനം അനുസരിച്ച്, ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഇടയ്ക്കിടെ ലഘുവായതും മിതമായതുമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പരമാവധി താപനില 32 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 26 ഡിഗ്രി സെൽഷ്യസും ആയിരിക്കും.

അതേസമയം, ശനിയാഴ്ച രാവിലത്തെ കണക്കനുസരിച്ച് മുംബൈയിലേക്ക് കുടിവെള്ളം എത്തിക്കുന്ന ഏഴ് തടാകങ്ങളിലെ ജലനിരപ്പ് ആകെ സംഭരണശേഷിയുടെ 95.95 ശതമാനത്തിൽ എത്തി. തടാകങ്ങളുടെ ആകെയുള്ള 14.47 ലക്ഷം ദശലക്ഷം ലിറ്റർ സംഭരണശേഷിയിൽ 13.88 ലക്ഷം ദശലക്ഷം ലിറ്റർ ഉപയോഗപ്രദമായ വെള്ളമാണ് നിലവിലുള്ളത്.

You may also like