മുംബൈ: മഹാരാഷ്ട്രയിൽ ഓട്ടോറിക്ഷ, ടാക്സി ഡ്രൈവർമാർക്ക് മറാഠി ഭാഷ പഠിക്കാൻ ഒരു വർഷത്തെ സാവകാശം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ഭാഷാ നിർബന്ധത്തിനെതിരെ ഡ്രൈവർമാർ ശക്തമായ പ്രതിഷേധം ഉയർത്തിയ പശ്ചാത്തലത്തിലാണ് ഈ ആശ്വാസ തീരുമാനം. ഒരു വർഷത്തെ സാവകാശ കാലയളവിൽ ഡ്രൈവർമാർക്കെതിരെ യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഡ്രൈവർമാർക്ക് അടിസ്ഥാന മറാഠി പരിജ്ഞാനം നിർബന്ധമാണെന്നും, ഇത് തെളിയിക്കാത്തവരുടെ ബാഡ്ജ് ആദ്യം ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്യുമെന്നും പിന്നീട് റദ്ദാക്കുമെന്നും ഗതാഗത മന്ത്രി പ്രതാപ് സർനായിക് നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ ഇതിനെതിരെ ഡ്രൈവർമാർ രംഗത്തെത്തുകയായിരുന്നു.
വിവിധ പ്രായത്തിലുള്ള ഡ്രൈവർമാർ ഉള്ളതിനാൽ ഭാഷ പഠിക്കാൻ കൂടുതൽ സമയം വേണമെന്ന ഡ്രൈവർമാരുടെ ആവശ്യം ന്യായമാണെന്ന് ബോധ്യപ്പെട്ടതിനെത്തുടർന്നാണ് ഒരു വർഷത്തെ സാവകാശം നൽകാൻ സർക്കാർ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു.