റെയിൽവേ യാത്രക്കാർക്ക് ഓണവിരുന്നേകി പൻവേലിൽ കെ.സി.എസിന്റെ ഓണപ്പൂക്കളം

by WhatsUp Mumbai

മുംബൈ: മധ്യറെയിൽവേയിലെ പ്രധാന ഇടത്താവളമായ പൻവേൽ റെയിൽവേ സ്റ്റേഷനിൽ പതിവ് തെറ്റിക്കാതെ ഇത്തവണയും ദൃശ്യവിരുന്നൊരുക്കി കേരളീയ കൾച്ചറൽ സൊസൈറ്റിയുടെ (കെ.സി.എസ്) ഓണപ്പൂക്കളം. കഴിഞ്ഞ 18 വർഷമായി തുടരുന്ന പാരമ്പര്യം നിലനിർത്തി തിരുവോണ ദിനമായ ഓഗസ്റ്റ് 26 ബുധനാഴ്ച രാവിലെ 9:30-നാണ് പൂക്കളം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. മുംബൈയിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ അത്തപ്പൂക്കളമൊരുക്കുന്ന ജനകീയ സംസ്കാരത്തിന് തുടക്കമിട്ടത് പൻവേലിൽ നിന്നാണ്.

24 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ 500 കിലോ പൂക്കൾ ഉപയോഗിച്ചാണ് 10 അടി വിസ്തീർണ്ണമുള്ള മൂന്ന് അത്തപ്പൂക്കളങ്ങൾ പൻവേൽ റെയിൽവേ സ്‌റ്റേഷനിലും ഓറിയൻ മാളിലുമായി തയ്യാറാക്കിയത്. മാനവികതയുടെയും ഒത്തൊരുമയുടെയും ഓണസന്ദേശം പ്രചരിപ്പിക്കാനും മലയാളി സംസ്കാരം ഇതര ഭാഷക്കാരിലേക്ക് എത്തിക്കാനുമാണ് സൊസൈറ്റി ഈ കൂട്ടായ്മ സംഘടിപ്പിച്ചു വരുന്നത്.

കെ.സി.എസ് പ്രസിഡന്റ് മനോജ് കുമാർ എം.എസ്., വൈസ് പ്രസിഡന്റ് പ്രഭാകരൻ കെ.ബി., സെക്രട്ടറി മുരളി കെ. നായർ, ജോയിന്റ് സെക്രട്ടറി റ്റി.വി. രമേശ്, ട്രെഷറർ ബാബുരാജ് കെ. നായർ, ജോയിന്റ് ട്രെഷറർ ഒ.സി. അലക്സാണ്ടർ, ജനറൽ കൺവീനർ അനിൽ കുമാർ പിള്ള, ജോയിന്റ് കൺവീനർ അനിൽ കുമാർ എം.എസ്. എന്നിവരും മറ്റ് ഭാരവാഹികളും സൊസൈറ്റി അംഗങ്ങളും ചേർന്നാണ് പൂക്കളമൊരുക്കിയത്. ജേക്കബ് ജോർജ്, അച്ചൻകുഞ്ഞ് ഡാനിയൽ, തോമസ് പി.ഒ., ദേവദാസൻ, രജനി മുരളി, പ്രിത രമേശ്, ശ്രീകുമാരി, നീതു ഹേമന്ത്, കൃഷ്ണകുമാരി ആർ. നായർ, കുട്ടികളായ ആരോമൽ എസ്. നായർ, മിത്ര മുരളി എന്നിവരും അണിനിരന്നു.

റെയിൽവേ സ്റ്റേഷൻ മാനേജർ അഗർവാൾ, ജി.ആർ.പി. സീനിയർ ഇൻസ്പെക്ടർ വിജയ് തയിടെ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി പൂക്കളം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിവിധ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ നേതാക്കളും റെയിൽവേ ഉദ്യോഗസ്ഥരും ആശംസകൾ അറിയിച്ചു.

മുംബൈയിലെ ഏറ്റവും വലിയ സ്റ്റേഷൻ പൂക്കളമായി റെയിൽവേ തന്നെ അംഗീകരിച്ചിട്ടുള്ള പൻവേലിലെ പൂക്കളം, ഇത്തവണ സ്റ്റേഷനിലെ വികസന പ്രവർത്തനങ്ങൾ മൂലമുള്ള സ്ഥലപരിമിതി കാരണമാണ് 10 അടിയായി ചുരുക്കിയത്. ഓഗസ്റ്റ് 27 രാത്രി 12 മണിവരെ പൊതുജനങ്ങൾക്ക് പൂക്കളം കാണാം. പൂക്കളമൊരുക്കാൻ സഹകരിച്ച എല്ലാവർക്കും കെ.സി.എസ് ഭാരവാഹികൾ നന്ദി അറിയിച്ചു.

You may also like