ലണ്ടൻ, മിയാമി തുടങ്ങിയ പ്രമുഖ ആഗോള നഗരങ്ങളെ പിന്നിലാക്കി ലോകത്തിലെ ഏറ്റവും മികച്ച ‘വർക്കേഷൻ’ (Workcation) കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം നേടി മുംബൈ. ഇന്റർനാഷണൽ വർക്ക്പ്ലേസ് ഗ്രൂപ്പ് (IWG) പുറത്തുവിട്ട 2026-ലെ ‘വർക്ക് ഫ്രം എനിവേർ’ (Work from Anywhere) ഇൻഡക്സിലാണ് ഇന്ത്യയുടെ സ്വപ്നനഗരമായ മുംബൈ തിളക്കമാർന്ന നേട്ടം കൈവരിച്ചത്. പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യൻ നഗരവും മുംബൈയാണ്.
77 പോയിന്റോടെയാണ് മുംബൈ ഈ അന്താരാഷ്ട്ര പട്ടികയിൽ ഇടം പിടിച്ചത്. 106.5 പോയിന്റോടെ ബാങ്കോക്ക് ഒന്നാം സ്ഥാനം സ്വന്തമാക്കിയപ്പോൾ, ടോക്കിയോ (96.5), ബാഴ്സലോണ (95.5), പോർട്ടോ, വാൻകൂവർ എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഉള്ളത്. ബുഡാപെസ്റ്റ്, നേപ്പിൾസ്, മെഡെല്ലിൻ, ലിസ്ബൺ, സിയോൾ എന്നിവയാണ് ആദ്യ പത്തിൽ ഉൾപ്പെട്ട മറ്റ് നഗരങ്ങൾ.
യാത്രയും ജോലിയും ഒരുമിച്ച് കൊണ്ടുപോകുന്ന പ്രൊഫഷണലുകൾക്കായി കാലാവസ്ഥ, ഇന്റർനെറ്റ് വേഗത, താമസം, ഗതാഗതം, ഭക്ഷണം, സാംസ്കാരിക അന്തരീക്ഷം, ഫ്ലെക്സിബിൾ വർക്ക്സ്പേസുകൾ എന്നിവ കണക്കിലെടുത്താണ് ഐഡബ്ല്യുജി (IWG) റാങ്കിങ് തയ്യാറാക്കുന്നത്. ഗതാഗതച്ചെലവ്, ഫ്ലെക്സിബിൾ വർക്ക്സ്പേസുകൾ, കാലാവസ്ഥ, താമസസൗകര്യം എന്നിവയിലാണ് മുംബൈ ഉയർന്ന പോയിന്റുകൾ നേടിയത്. എന്നാൽ ബ്രോഡ്ബാൻഡ് വേഗത, തദ്ദേശീയ പരിപാടികൾ, ഹാപ്പിനസ് ഇൻഡക്സ് എന്നിവയിൽ മുംബൈക്ക് കുറഞ്ഞ പോയിന്റുകളാണ് ലഭിച്ചത്.
ഇന്ത്യയിലെ വിദൂര ജോലി ശൃംഖലയുടെയും വർക്കിങ് ഹബ്ബുകളുടെയും വളർച്ചയാണ് മുംബൈയുടെ ഈ നേട്ടത്തിന് പിന്നിലെന്ന് ഐഡബ്ല്യുജി ഇന്ത്യ കൺട്രി ഹെഡ് ഹർഷ് ലംബ വ്യക്തമാക്കി.
കുഷ്മാൻ ആൻഡ് വേക്ക്ഫീൽഡ് റിപ്പോർട്ട് അനുസരിച്ച്, ഫ്ലെക്സിബിൾ വർക്ക്സ്പേസ് ഇൻഡക്സിൽ 100 പോയിന്റോടെ യുകെ, ഫ്രാൻസ്, യുഎസ് എന്നീ രാജ്യങ്ങളെക്കാൾ ഏറെ മുന്നിലാണ് ഇന്ത്യ. 2025-ൽ ഏഷ്യ-പസഫിക് മേഖലയിലെ ഏറ്റവും വലിയ ഫ്ലെക്സിബിൾ ഓഫീസ് വിപണിയായി മാറിയ ഇന്ത്യയുടെ ഓഫീസ് സ്പേസ് 2026-ഓടെ 100 ദശലക്ഷം ചതുരശ്ര അടി കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുകെയിലും യുഎസിലുമുള്ള 2,000 ഹൈബ്രിഡ് ജീവനക്കാരിൽ ഐഡബ്ല്യുജി നടത്തിയ പഠനത്തിൽ, 51% കമ്പനികളും ‘വർക്ക് ഫ്രം എനിവേർ’ നയം അനുവദിക്കുന്നുണ്ടെന്ന് വ്യക്തമാക്കി. ഇത്തരം തൊഴിൽ ശൈലി വ്യക്തിജീവിതവും ജോലിയും തമ്മിലുള്ള സന്തുലിതാവസ്ഥ (work-life balance) മെച്ചപ്പെടുത്തിയെന്ന് 90 ശതമാനം പേരും, ഉൽപ്പാദനക്ഷമത കൂട്ടിയെന്ന് 80 ശതമാനം പേരും അഭിപ്രായപ്പെട്ടു. 2026-ൽ തങ്ങളുടെ അവധിക്കാലം ജോലിക്കൊപ്പം നീട്ടിയെടുക്കാൻ പദ്ധതിയിടുന്നതായി 48% ആളുകൾ വ്യക്തമാക്കി. ജോലിക്കിടയിലെ മാനസിക സമ്മർദ്ദം കുറയ്ക്കുക (54%), കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുക (53%) എന്നിവയാണ് ഇതിനായി ആളുകൾ പ്രധാനമായും ചൂണ്ടിക്കാണിക്കുന്ന കാരണങ്ങൾ.