മുംബൈ :മുംബൈയിൽ മാത്രം കേന്ദ്രീകരിക്കാതെ സംസ്ഥാനത്തുടനീളം വികസനം വ്യാപിപ്പിച്ച് ഇന്ത്യയുടെ പ്രധാന ‘ഗ്രോത്ത് എഞ്ചിനായി’ മഹാരാഷ്ട്രയെ മാറ്റാൻ സർക്കാർ പ്രവർത്തിക്കുകയാണെന്ന് ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. ഈവനിംഗ് മാധ്യമങ്ങളുടെ ബിസിനസ് കോൺക്ലേവിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പരിസ്ഥിതി സംരക്ഷണത്തോടൊപ്പം സാമ്പത്തിക വളർച്ച ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. മുംബൈ മെട്രോ, കോസ്റ്റൽ റോഡ്, സമൃദ്ധി എക്സ്പ്രസ് വേ, അടൽ സേതു, വധാവൻ പോർട്ട് തുടങ്ങിയ പദ്ധതികൾ വേഗത്തിൽ പുരോഗമിക്കുന്നു. 337 കിലോമീറ്റർ മെട്രോ ശൃംഖലയും മൾട്ടിമോഡൽ ഗതാഗത സംവിധാനവും ഒരുങ്ങുന്നുണ്ട്.
മുംബൈക്ക് പുറമെ നാഗ്പൂർ, പൂനെ, നാസിക്, ഛത്രപതി സംഭാജിനഗർ, ഠാണെ, നവി മുംബൈ എന്നീ നഗരങ്ങളെയും മറ്റ് മേഖലകളെയും ശക്തിപ്പെടുത്തും. ചെറുകിട നഗരങ്ങളിൽ വ്യവസായ പാർക്കുകളും ഐടി ഹബ്ബുകളും സ്ഥാപിച്ച് സ്വന്തം നാട്ടിൽത്തന്നെ യുവാക്കൾക്ക് തൊഴിൽ നൽകും.
മുംബൈ മെട്രോപൊളിറ്റൻ റീജിയണിൽ (MMR) 4 ലക്ഷം കോടി രൂപയുടെ നിക്ഷേപ നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. മേഖലയെ 1.5 ട്രില്യൺ ഡോളർ സാമ്പത്തിക വ്യവസ്ഥയാക്കി മാറ്റുകയാണ് ലക്ഷ്യം. പുതിയ ഭവന നയപ്രകാരം 2030-ഓടെ 35 ലക്ഷം വീടുകൾ നിർമ്മിക്കുമെന്നും, വ്യാജ നിർമ്മാണങ്ങൾ തടുത്ത് മുംബൈയെ ചേരിരഹിത നഗരമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ 1 ട്രില്യൺ ഡോളർ സാമ്പത്തിക വ്യവസ്ഥയാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ അതിവേഗം മുന്നേറുകയാണെന്ന് ഷിൻഡെ കൂട്ടിച്ചേർത്തു.