ഓണം’ എന്നും എന്നെ എൻ്റെ കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടുപോകും. നന്നായി ഓണം ആഘോഷിച്ചിട്ടുള്ളതും എൻ്റെ ചെറുപ്രായത്തിലാണ്; ഏതാണ്ട് പത്ത് വയസ്സുവരെയൊക്കെ. പക്ഷേ, ആ ഓണാനുഭവം ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം മായില്ല.
അച്ഛൻ്റെ നാട്ടിലാണ് ഓണത്തിന് പോകാറുള്ളത്. കരുനാഗപ്പള്ളിക്കടുത്ത് തഴവ അന്ന് ഒരു ചെറിയ ഗ്രാമമായിരുന്നു. ഞാൻ പറയുന്നത് എഴുപതുകളിലാണ്. പഞ്ചാരമണൽ വിരിച്ച്, വയലേലകൾ നൃത്തം വയ്ക്കുന്ന, നിറയെ മരങ്ങളും തെങ്ങുകളുമുള്ള അച്ഛൻ്റെ വീട്. ‘എലവക്കാട് വീട്’ എന്നാണ് അറിയപ്പെട്ടിരുന്നത്. അവധിയാകാറാകുമ്പോൾ തന്നെ കൊച്ചുമക്കളെ സ്വീകരിക്കാൻ വല്യച്ഛനും അച്ഛാമ്മയും വീടൊരുക്കും. തെങ്ങിൽ നിന്ന് തെങ്ങിലേക്ക് വടം കെട്ടിയ വലിയ ഊഞ്ഞാൽ, കൊച്ചുകുട്ടികൾക്ക് കുഞ്ഞൂഞ്ഞാൽ… അങ്ങനെ പല വലിപ്പത്തിൽ മൂന്നാല് ഊഞ്ഞാലുകൾ ഉണ്ടാകും.
പടിഞ്ഞാറുവശത്താണ് അടുക്കള. അവിടെയാണ് പ്രധാന ഉത്സവം. അച്ചപ്പം, മുറുക്ക്, എള്ളുണ്ട, എരമുറുക്ക് തുടങ്ങി പലതരം പലഹാരങ്ങൾ അത്തം മുതൽ തയ്യാറാക്കും. അരിമാവുവച്ചുള്ള കറുത്ത അലുവ ഉണ്ടാക്കലാണ് മറ്റൊരു പ്രധാന ഉത്സവം. വലിയ വാർപ്പിലാണ് അലുവ തയ്യാറാക്കുക. സദ്യയ്ക്കുള്ള ഒരുക്കങ്ങൾ പൂരാടം മുതൽ തന്നെ ആരംഭിക്കും. ഉത്രാടരാത്രിയിൽ വൈകി ഏറെച്ചെന്നാലും പാചകക്കാർ ഭക്ഷണം തയ്യാറാക്കുന്നുണ്ടാവും. ദാമോദരൻ കൊച്ചാട്ടൻ, പങ്കി (പങ്കജാക്ഷിയുടെ ചുരുക്കപ്പേര്), കാർത്ത്യായനിയമ്മ, ഇണ്ടാപ്പ്, രോഹിണിക്കുട്ടി, സുഗന്ധി, ശങ്കരൻ, ഷെംസ്, സരസമ്മ, രമണി… എണ്ണിയാൽ തീരാത്ത മുഖങ്ങളാണ് എൻ്റെ മനസ്സിൽ നിറയുന്നത്.
ഈ ദിവസങ്ങളിലെല്ലാം മുറ്റത്ത് പലതരം കളികളാണ്. പുലിവേഷം കെട്ടിവരുന്ന പുലികളെ കാണാൻ കൗതുകമുണ്ടെങ്കിലും കൊട്ട് എനിക്ക് പേടിയായിരുന്നു; ഓടി അച്ഛൻ്റെ അച്ഛൻ്റടുത്ത് (വല്യച്ഛൻ) അഭയം പ്രാപിക്കും. തുമ്പിതുള്ളൽ, കുടമൂത്ത്, കൈകൊട്ടിക്കളി തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കളികൾ! ഊഞ്ഞാലിൽ ചില്ലാട്ടം പറന്ന്, ഏറ്റവും ഉയർന്ന ചില്ലയിലെ ഇല പറിക്കുന്നവരാണ് ‘സ്റ്റാർ’. അനായാസമായി ആയത്തിൽ പറന്നുപറന്ന് ഇല പറിക്കുന്നത് സരസമ്മ എന്ന താരമായിരുന്നു. ആൺപിള്ളേരെ തോൽപിച്ച് കയ്യടി നേടുന്ന സരസമ്മയ്ക്ക് വൻ കരഘോഷമാണ് ലഭിച്ചിരുന്നത്.
വൈകുന്നേരമായാൽ കുളത്തിലിറങ്ങും. പിന്നെ വടിയെടുക്കുമ്പോഴാണ് കുളത്തിൽ നിന്ന് കയറുക. അത്താഴം കഴിഞ്ഞ് കിടക്കാൻ നേരമായാലും ചിരിയും തമാശയും തീരില്ല. കാലത്ത് വല്യച്ഛൻ കഥ പറഞ്ഞുതരും. ശ്രീനാരായണഗുരു സ്വാമിയുടെ ശിഷ്യനായിരുന്ന അദ്ദേഹം ഏറ്റവും കൂടുതൽ പറഞ്ഞിരുന്നത് സ്വാമിയെക്കുറിച്ചാണ്. എങ്കിലും മഹാഭാരതം, രാമായണം, ഭാഗവതം, നാടോടിക്കഥകൾ എന്നിവയും വല്യച്ഛൻ പറഞ്ഞുതരുമായിരുന്നു. “ഏഴു സഹോദരന്മാരുടെ ഏക സഹോദരി” എന്ന ഇവാന്റെ കഥയും നെല്ലിക്കാക്കാരൻ ഇസ്മായിലിന്റെ കഥയും എനിക്ക് ഏറെ ഇഷ്ടമായിരുന്നു.
ആകസ്മികമായി അച്ഛാമ്മയ്ക്ക് വന്ന സ്ട്രോക്ക് ആണ് ഞങ്ങളുടെ സന്തോഷങ്ങളുടെ വില്ലനായത്. എങ്കിലും പിന്നെയും അച്ഛാമ്മ 18 വർഷം ഞങ്ങളോടൊപ്പം ജീവിച്ചു

എൻ്റെ അമ്മ, ശ്രീ അവിട്ടം തിരുനാൾ ആശുപത്രിയിൽ ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി വിഭാഗം യൂണിറ്റ് ഹെഡ് ആയിരുന്നു. ഓണക്കാലത്ത് ഡോക്ടർമാരടക്കം അവധിയെടുക്കുന്ന സമയമാണ്; അതുകൊണ്ട് അമ്മയ്ക്ക് ജോലി കൂടുതലുള്ള സമയവുമാണ് ഓണം. തിരുവോണത്തിന് ഊണ് കഴിക്കാൻ വരുമെങ്കിലും അമ്മയുടെ മുൻഗണന ആശുപത്രി തന്നെയായിരുന്നു. അമ്മയ്ക്ക് ചെയ്യുന്ന തൊഴിലിനോടുള്ള ആത്മാർത്ഥതയും സത്യസന്ധതയും എന്നും ആദരവോടെയാണ് അച്ഛൻ കണ്ടിരുന്നത്. ആഘോഷിക്കാൻ പറ്റാത്തതിൽ പരാതികളൊന്നും സ്വീകരിക്കപ്പെട്ടില്ല; ആത്മാർത്ഥതയ്ക്കായിരുന്നു ഒന്നാം റാങ്ക്.
സത്യത്തിൽ, അമ്മയും അച്ഛനും തന്ന ഈ പാഠമാണ് എൻ്റെ ഓണപ്പായസം!