ഓർമ്മകൾക്ക് ഒരു കുഴപ്പമുണ്ട്; അവ സ്വയം വലുപ്പം വെക്കും, പെരുപ്പിക്കും. ഇല്ലാത്ത നിറങ്ങൾ കൂടിയെടുത്ത് ചിലപ്പോൾ മുഖത്ത് അണിയും. ഓർമ്മ ഓണത്തെക്കുറിച്ചാണെങ്കിൽ പിന്നെ പറയാനുമില്ലല്ലോ!
അത്തം നാൾ മുതൽ വേലിപ്പടർപ്പിലെ പേരറിയാപ്പൂക്കൾ പറിച്ച്, ചാണകം മെഴുകിയ മുറ്റത്ത് പൂക്കളമിട്ടിരുന്ന ഒരു കുട്ടിക്കാലമുണ്ടായിരുന്നു. അന്ന് ഓണപ്പതിപ്പിലെ അഴകുള്ള സ്ത്രീകൾ ചുറ്റുമിരിക്കുന്ന വമ്പൻ പൂക്കളങ്ങൾ കണ്ട് ‘എൻ്റെ പൂക്കളത്തിന് ഇതിന്റെ ഭംഗി വരാൻ എന്തുവഴി’ എന്ന് ആലോചിച്ച് തലപുകച്ചതൊക്കെ അങ്ങനെയൊരു ഓർമ്മച്ചെപ്പിലാണ്. അന്ന് ഓണപ്പതിപ്പിൽ വായിച്ച് കോരിത്തരിപ്പിച്ച കഥകൾക്കും കവിതകൾക്കും ഇന്ന് ആ പഴയ ഈണം തോന്നാത്തതും ഈ ഓർമ്മകളുടെ കുസൃതി കൊണ്ടാവാം, അല്ലേ?
എന്റെ ബോധത്തിൽ ഓണമെന്നാൽ മഴ മാറി പെയ്യുന്ന മഞ്ഞവെയിലാണ്. മാവേലിത്തമ്പുരാൻ വരുന്നത് കാണാൻ ഉറക്കമൊഴിച്ചിരുന്ന ഉത്രാടരാത്രിയും, വെള്ളി ചൊരിയുന്ന പ്രണയനിലാവിന്റെ ആർദ്രമായ അസ്വസ്ഥതയുമാണ്.
സ്വപ്നം പോലെ ഓണവും ഓരോ മലയാളിക്കും ഓരോന്നായിരിക്കും. എങ്കിലും നാമെല്ലാം ഒരുപോലെ നെഞ്ചിലേറ്റുന്ന ഒരോണമുണ്ട്—എല്ലാവർക്കും സുഖവും സമൃദ്ധിയും നിറഞ്ഞ ഒരു കാലമുണ്ടെന്ന ആ ഉട്ടോപ്യൻ സങ്കൽപം! ആ സങ്കൽപ്പത്തിന്റെ ഓണനിലാവ് ഓരോ മനസ്സിലും പ്രകാശിക്കട്ടെ… ഓർമ്മത്തിരകൾ മുറിച്ചുനീന്തി ആ ഓണപ്പാട്ടുകൾ വീണ്ടും പെയ്തിറങ്ങട്ടെ!

സുനിത ഏഴുമാവിൽ
(നിയമാദ്ധ്യാപിക)