ഓർമ്മകളിലെ ഒരു തിരുവോണം

രാജേഷ് മുംബൈ

by WhatsUp Mumbai
Published: Updated:

പെയ്യുന്ന മഴയേക്കാൾ പെട്ടെന്ന് മനസ്സിൽ ഓർമ്മകളുടെ ഒരു തുമ്പപ്പൂ വിരിയുന്ന കാലമാണ് ഓണം. കാലം എത്ര ദൂരം മുന്നോട്ട് പോയാലും, ഓണം വരുമ്പോൾ മനസ്സ് അറിയാതെ തിരിഞ്ഞുനോക്കുന്നത് പഴയൊരു മുറ്റത്തേക്കാണ്. മണ്ണിന്റെ മണമുള്ള ആ മുറ്റത്തേക്ക്… പൂക്കളത്തിന്റെ നിറങ്ങളിലേക്ക്… അമ്മയുടെ കൈപ്പുണ്യത്തിലേക്ക്… അച്ഛന്റെ ശകാരത്തിലേക്ക്… പിന്നെ, ഒന്നും അറിയാത്ത ഒരു അഞ്ചുവയസ്സുകാരന്റെ കുസൃതികളിലേക്ക്.

പ്രത്യേകിച്ച്, മുംബൈയിലെ ഈ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ഓണം എത്തുമ്പോൾ, മനസ്സിന്റെ ഏതോ കോണിൽ നിന്ന് ഒരു പഴയ ഓണക്കാലം പതിയെ പുറത്തേക്ക് വരും.

*അന്നത്തെ ഓണം… അതൊരു ഒന്നൊന്നര സംഭവമായിരുന്നു!*

അഞ്ചാം വയസ്സിൽ, ആറുമണിക്ക് മുമ്പേ എഴുന്നേറ്റ്, പുറകിൽ ചെറുതായി കീറിയ ട്രൗസറും ധരിച്ച്, ഒരു കയ്യിൽ തേക്കിന്റെ ഇല മടക്കി കൊട്ടാളമാക്കി പിടിച്ച്, ഏട്ടന്റെ പിന്നാലെ വഴിയിലേക്ക് ഓടുന്ന ഒരു കുഞ്ഞിനെ ഇന്നും ഞാൻ മനസ്സിൽ കാണുന്നു. അന്നത്തെ എന്റെ ലോകത്തിലെ ഏറ്റവും വലിയ ദൗത്യം ഒന്നായിരുന്നു— *മറ്റു കുട്ടികൾ വരുന്നതിന് മുമ്പ് മുക്കുറ്റിയും തുമ്പപ്പൂവും പറിച്ചെത്തുക!*

വീടിനടുത്തുള്ള ചെറിയ വഴിയിൽ നിന്ന് കുറച്ചുകൂടി കാടിനകത്തേക്ക് പോയാൽ പ്രകൃതിയുടെ സ്വന്തം പൂക്കടയായിരുന്നു. തുമ്പ, മുക്കുറ്റി, കാക്കപ്പൂ, ശംഖുപുഷ്പം, മന്ദാരം, ചെത്തി… ഇന്നത്തെ പോലെ പൂക്കൾ വാങ്ങാൻ കടകളൊന്നുമില്ല. പ്രകൃതി തന്നതായിരുന്നു ഞങ്ങളുടെ പൂക്കളം.

പക്ഷേ ആ പൂക്കൾ പറിക്കൽ അത്ര എളുപ്പമായിരുന്നില്ല. കാടിനകത്തേക്ക് കയറുമ്പോൾ പേടിയുണ്ട്. എവിടെ നിന്നെങ്കിലും ഒരു പാമ്പ് വന്നാലോ എന്നൊരു സംശയം. അതിനിടയിൽ ഉറുമ്പിന്റെ കടിയേറ്റാൽ പിന്നെ പറയേണ്ടതില്ല! പൂക്കൾ പറിക്കണോ, ഉറുമ്പിൽ നിന്ന് രക്ഷപ്പെടണോ എന്നറിയാതെ ഓടിയ ദിവസങ്ങൾ.

എങ്ങനെയൊക്കെയോ പൂക്കളുമായി വീട്ടിലെത്തുമ്പോഴേക്കും മറ്റൊരു ‘ഓണം’ കാത്തിരിക്കുന്നുണ്ടാകും. അച്ഛന്റെ വക വടിയുടെ ഓണക്കാല സ്പെഷ്യൽ! പൂക്കൾ പറിക്കാൻ പോയതിന്റെ പേരിൽ ട്രൗസറിന്റെ പുറകിൽ കിട്ടിയ ആ അടികൾക്ക് ഇന്നും ഒരു പ്രത്യേക ചരിത്രമുണ്ട്.

എങ്കിലും അമ്മയുണ്ടായിരുന്നു. അവൾ ഒന്നും പറയില്ല.

ഞങ്ങൾ പൂക്കളുമായി എത്തുമ്പോഴേക്കും അമ്മ മുറ്റം അടിച്ചുവാരി, ചാണകം തളിച്ച് പൂക്കളം ഒരുക്കാനുള്ള സ്ഥലം വൃത്തിയാക്കിയിട്ടുണ്ടാകും. വലിയ ഡിസൈനുകളൊന്നുമില്ല. വിവിധ നിറങ്ങളിലുള്ള പൂക്കൾ വട്ടത്തിൽ ഓരോന്നായി നിരത്തും. അത്രയേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ അവസാനം പൂർത്തിയായ പൂക്കളത്തിലേക്ക് നോക്കുമ്പോൾ മനസ്സിൽ നിറയുന്ന സന്തോഷം… അതിന് ഇന്നത്തെ വലിയ പൂക്കളങ്ങൾക്കൊന്നും പകരം വയ്ക്കാനാകില്ല.

അത്തം മുതൽ തിരുവോണം വരെ നീളുന്ന ഞങ്ങളുടെ ആ ചെറിയ ‘കലാപരിപാടി’ ആയിരുന്നു അത്.

തിരുവോണ ദിവസം പുതിയ കോടി ഉടുത്ത്, രാവിലെ പ്രാതലും കഴിച്ച്, നേരെ ഓടുന്നത് തൊട്ടടുത്തുള്ള ശിവക്ഷേത്ര മൈതാനത്തേക്കായിരുന്നു. അവിടെയായിരുന്നു ശരിക്കുമുള്ള ഓണം.

വർണ്ണക്കടലാസുകൾ കൊണ്ടുള്ള അലങ്കാരങ്ങൾ. കോളാമ്പി മൈക്കിലൂടെ ഒഴുകുന്ന പാട്ടുകൾ. കുട്ടികളുടെ ബഹളം. മുതിർന്നവരുടെ ചിരി. മൈതാനം നിറയെ ഉത്സവത്തിന്റെ തിരക്ക്.

പലതരം മത്സരങ്ങൾ ഉണ്ടാകും—ഒറ്റക്കാലോട്ടം, ഉറിയടി, ചിത്രരചന, പാട്ടുപാടൽ, പ്രച്ഛന്നവേഷം… മത്സരങ്ങളുടെ പട്ടിക നീളും, ആവേശവും അതിനൊപ്പം നീളും. ജയിക്കണമെന്ന ആഗ്രഹത്തേക്കാൾ, പങ്കെടുക്കണമെന്ന ആവേശമായിരുന്നു അന്ന് വലുത്.

ഉച്ചയ്ക്ക് ഒരു മണിയോടെ പരിപാടികൾക്ക് ഇടവേള.

പിന്നെ ഞങ്ങൾ ഓടും… നേരെ വീട്ടിലേക്ക്.

കാരണം, വീട്ടിൽ മറ്റൊരു വലിയ പരിപാടി കാത്തിരിക്കുന്നുണ്ടാകും— *ഓണസദ്യ!*

വരിവരിയായി നിലത്തിരുന്ന്, മുന്നിൽ വാഴയില വിരിച്ച്, ഒന്നിനു പിന്നാലെ ഒന്നായി അമ്മ വിളമ്പുന്ന വിഭവങ്ങൾ… ആ ഇലയിലെ ഓരോ രുചിക്കും ഓരോ ഓർമ്മയുണ്ട്. ഒടുവിൽ അമ്മ വിളമ്പിയ പായസം. ആ പായസത്തിന്റെ രുചി ഇന്നും നാവിലുണ്ടെന്ന് തോന്നും.

വർഷങ്ങൾ എത്ര വേഗത്തിലാണ് ഓടിപ്പോയത്!

കുട്ടിക്കാലത്തെ ആ മുറ്റവും, പൂക്കളവും, ക്ഷേത്രമൈതാനവും, ഓണക്കളികളും എല്ലാം ഇന്ന് ഓർമ്മകളുടെ പഴയ ആൽബത്തിലെ ചിത്രങ്ങളായി മാറിയിരിക്കുന്നു.

തിരക്കുപിടിച്ച ഇന്നത്തെ ജീവിതത്തിൽ തിരുവോണം പലപ്പോഴും ഒരു പേരിന് മാത്രമായി ചുരുങ്ങുന്നു. രാവിലെ അമ്പലത്തിൽ പോകും. ഉച്ചയ്ക്ക് വീട്ടിൽ സദ്യ ഒരുക്കും.

കാലം മാറിയതോടെ ഓണാഘോഷത്തിനും പുതിയ വേഷം വന്നു. വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമാണ് ഇന്നത്തെ പൂക്കളവും ഓണസദ്യയും. ആശംസകൾക്കൊപ്പം സെൽഫികളുടെ പെരുമഴ.

അന്ന് പൂക്കൾ പറിക്കാൻ മത്സരമായിരുന്നു; ഇന്ന് ഫോട്ടോ എടുക്കാനാണ് മത്സരം!

എങ്കിലും, ചില ഓർമ്മകൾക്ക് കാലം തോൽപ്പിക്കാനാവില്ല.

ഇപ്പോൾ കൂട്ടുകാരോടൊപ്പം ഒത്തുകൂടി പഴയ കുസൃതികൾ ഓർത്തുപറയുമ്പോൾ, ആരുടെയെങ്കിലും ഒരു പഴയ ഓണക്കഥ കേട്ട് പൊട്ടിച്ചിരിക്കുമ്പോൾ, അറിയാതെ മനസ്സിൽ വീണ്ടും ഒരു തിരുവോണം വിരിയും.

അവിടെ വീണ്ടും ആ അഞ്ചുവയസ്സുകാരൻ ഓടുന്നുണ്ട്. കയ്യിൽ തേക്കിലയുടെ കൊട്ടാളം. കണ്ണുകളിൽ പൂക്കളത്തിന്റെ സ്വപ്നം. പിന്നിൽ ഏട്ടൻ. മുന്നിൽ തുമ്പപ്പൂവും മുക്കുറ്റിയും. അകലെയൊരു അമ്മയുടെ വിളി.

മൈലുകളേറെ അകലെയാണെങ്കിലും, ആ പഴയ മണ്ണിന്റെ മണമുള്ള ഓർമ്മകൾ ഇന്നും നമ്മളോടൊപ്പമുണ്ട്.

ജീവിതം നമ്മളെ എത്ര ദൂരത്തേക്ക് കൊണ്ടുപോയാലും, ഓർമ്മകൾക്ക് അതിരുകളില്ലല്ലോ.

പഴയ കുസൃതികളും, പങ്കുവെക്കാൻ ബാക്കിവെച്ച ചിരികളും, മനസ്സിൽ സൂക്ഷിച്ചിരിക്കുന്ന ആ കൊച്ചു പ്രവാസി സ്വപ്നങ്ങളുമാണ് ഇന്നും നമ്മളെ ജീവസ്സുറ്റവരാക്കുന്നത്.

അതുകൊണ്ടുതന്നെ, ഓരോ ഓണവും വരുമ്പോൾ മനസ്സ് പതിയെ പറയാറുണ്ട്—
ഓണം ഇന്നും വരുന്നു… പൂക്കളവുമായി അല്ല, ഓർമ്മകളുമായി.”

(ഗ്രാഫിക് ഡിസൈനറായ രാജേഷ് മുംബൈ സാമൂഹ്യ സാംസ്കാരിക രംഗത്തും സജീവ സാന്നിധ്യമാണ്.
25 വർഷത്തിലേറെയായി മുംബൈയിൽ താമസം,സ്വദേശം കണ്ണൂർ ജില്ലയിലെ കാങ്കോൽ)

You may also like