മുംബൈ: മുംബൈ സെൻട്രൽ റെയിൽവേയിലെ ഘട്കോപ്പർ റെയിൽവേ സ്റ്റേഷനിൽ പരിഭ്രാന്തി പരത്തി നാടകീയ സംഭവങ്ങൾ. നിർത്തിയിട്ടിരുന്ന ലോക്കൽ ട്രെയിനിന് മുകളിൽ കയറിനിന്ന യുവാവിന് വൻതോതിൽ വൈദ്യുതാഘാതമേറ്റ് ഗുരുതരമായി പൊള്ളലേറ്റു. സംഭവത്തെത്തുടർന്ന് സെൻട്രൽ റെയിൽവേ പാതയിൽ സർവീസുകൾ 20 മിനിറ്റോളം തടസ്സപ്പെട്ടു.
പ്ലാറ്റ്ഫോമിൽ ട്രെയിൻ നിർത്തിയ സമയത്താണ് അപരിചിതനായ യുവാവ് ട്രെയിനിന്റെ മുകളിലേക്ക് കയറിപ്പറ്റിയത്. തുടർന്ന് ട്രെയിനിന് മുകളിലൂടെ ഉയർന്ന വോൾട്ടേജുള്ള (25,000 വോട്ട്) ഹൈ-ടെൻഷൻ വൈദ്യുതി ലൈനിൽ (OHE) തൊടുകയായിരുന്നു. വലിയ ശബ്ദത്തോടെ മിന്നൽ വെളിച്ചവും പുകയും ഉയർന്നതോടെ പ്ലാറ്റ്ഫോമിലുണ്ടായിരുന്ന യാത്രക്കാർ പരിഭ്രാന്തരായി ചിതറിയോടി.
ശക്തമായ വൈദ്യുതാഘാതമേറ്റ യുവാവ് ട്രെയിനിന് മുകളിൽ നിന്ന് താഴേക്ക് തെറിച്ചുവീണു. ഇയാളെ ഉടൻ തന്നെ സമീപത്തുള്ള രാജാവാടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ശരീരത്തിൽ ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.
അപകടത്തെ തുടർന്ന് മുൻകരുതലിന്റെ ഭാഗമായി റെയിൽവേ അധികൃതർ ഉടനടി ലൈനിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയാക്കി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ച ശേഷമാണ് സർവീസുകൾ പുനരാരംഭിച്ചത്. ഇതിനാൽ സെൻട്രൽ റെയിൽവേ പാതയിൽ 20 മിനിറ്റോളം ട്രെയിൻ ഗതാഗതം വൈകുകയും യാത്രക്കാർ ദുരിതത്തിലാവുകയും ചെയ്തു.