മുംബൈ: മഹാരാഷ്ട്രയിലെ വോട്ടർപ്പട്ടിക തീവ്രപരിഷ്കരണ (SIR) നടപടികളിൽ നിന്ന് 2,07,93,916 വോട്ടർമാരുടെ ഫോമുകൾ വിതരണം ചെയ്യാനാകാതെ പുറത്തായതായി കണക്കുകൾ. ആകെ രജിസ്റ്റർ ചെയ്ത 9.78 കോടി വോട്ടർമാരിൽ 21.25 ശതമാനം പേരെയാണ് ഈ രീതിയിൽ ഒഴിവാക്കിയത്. വോട്ടർമാർ സ്ഥലത്തില്ലാത്തത്, മരണം, താമസം മാറിയത്, ഇരട്ട വോട്ടുകൾ എന്നിവയാണ് കാരണമായി തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്. സംസ്ഥാനത്തുടനീളം 1.00,253 ബൂത്ത് ലെവൽ ഓഫീസർമാരെ (BLO) ഉപയോഗിച്ച് നടത്തുന്ന ഈ വിവരശേഖരണത്തിന്റെ ഡിജിറ്റൈസേഷൻ 99.89 ശതമാനം പൂർത്തിയായിട്ടുണ്ട്.
എന്നാൽ, ഇത്രയധികം വോട്ടർമാരെ ഒഴിവാക്കുന്നതിലെ മാനദണ്ഡങ്ങൾ വ്യക്തമല്ലെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം എൻസിപി (എസ്പി) എംഎൽഎ രോഹിത് പവാർ ആരോപിച്ചു. ഒഴിവാക്കപ്പെട്ടവരിൽ 34 ലക്ഷം പേർ മരിച്ചതായും 76 ലക്ഷം കുടുംബങ്ങളെ ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും 77 ലക്ഷം പേർ താമസം മാറിയതായും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പൂനെ, നാസിക്, താനെ തുടങ്ങിയ പ്രദേശങ്ങളിൽ ബിജെപി പ്രവർത്തകർ നൽകുന്ന വിവരങ്ങൾ വച്ച് ബൂത്ത് ലെവൽ ഓഫീസർമാർ വ്യാജമായി “ടേബിൾ സർവേ” നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, കരട് വോട്ടർപ്പട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 (Form 6) സമർപ്പിച്ച് അപേക്ഷ നൽകിയാൽ പരിശോധനയ്ക്ക് ശേഷം പേര് പുനഃസ്ഥാപിച്ചു നൽകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അധികൃതർ വ്യക്തമാക്കി.