റായ്ഗഡ് : വിഭജനത്തിന്റെ നോവിക്കുന്ന ഓർമ്മകൾ ഉയർത്തിക്കാട്ടി പൻവേലിൽ ‘വിഭജന ഭീകരതയുടെ ഓർമ്മദിനം’ ആചരിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ വെടിയുകയും സ്വന്തം മണ്ണിൽ നിന്ന് ആട്ടിയോടിക്കപ്പെടുകയും ചെയ്ത ലക്ഷക്കണക്കിന് മനുഷ്യരുടെ ത്യാഗം സ്മരിക്കുന്നതിനാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.
വിഭജനക്കാലത്തെ വൻ കലാപങ്ങളിൽ ജീവൻ നഷ്ടപ്പെട്ട പാവപ്പെട്ട മനുഷ്യർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടായിരുന്നു ചടങ്ങുകളുടെ തുടക്കം. പിറന്ന മണ്ണിൽ നിന്നും വേരോടെ പിഴുതെറിയപ്പെടുകയും കുടുംബങ്ങളെ നഷ്ടപ്പെടുകയും ചെയ്ത ജനകോടികളുടെ കണ്ണീരണിയിക്കുന്ന അതിജീവന കഥകൾ യോഗത്തിൽ പങ്കെടുത്തവർ ഓർത്തെടുത്തു. നാളത്തെ തലമുറയിൽ ഒത്തൊരുമയും സഹോദര്യവും വളർത്താൻ ഇത്തരം ഓർമ്മപ്പെടുത്തലുകൾ അനിവാര്യമാണെന്ന് ചടങ്ങിൽ സംസാരിച്ച പ്രമുഖർ വ്യക്തമാക്കി.
ചടങ്ങിന്റെ ഭാഗമായി വിഭജന കാലത്തെ ദുരന്ത ദൃശ്യങ്ങളും അപൂർവ്വ ചരിത്രരേഖകളും കോർത്തിണക്കിയ പ്രത്യേക ചിത്രപ്രദർശനവും ഒരുക്കിയിരുന്നു. കരളലിയിപ്പിക്കുന്ന കാഴ്ചകൾ കാണാൻ വൻ ജനവലിയാണ് പ്രദർശന നഗരിയിലേക്ക് ഒഴുകിയെത്തിയത്.