ഓൺലൈൻ ക്യാബ് ഡ്രൈവർമാർക്ക് ഇനി മറാഠി നിർബന്ധം; കർശന നടപടിയുമായി മഹാരാഷ്ട്ര സർക്കാർ

by WhatsUp Mumbai

മുംബൈ : ഓൺലൈൻ ആപ്പ് അടിസ്ഥാനമാക്കി സർവീസ് നടത്തുന്ന ക്യാബ് ഡ്രൈവർമാർക്ക് മറാഠി ഭാഷ പരിജ്ഞാനം നിർബന്ധമാക്കി മഹാരാഷ്ട്ര സർക്കാർ. ഓല (Ola), ഊബർ (Uber), റാപ്പിഡോ (Rapido) തുടങ്ങിയ ടാക്സി അഗ്രഗേറ്ററുകളുടെ ഡ്രൈവർമാർക്ക് ഭാഷാ നിയമത്തിൽ ഇളവുകളൊന്നും ഉണ്ടാകില്ലെന്ന് മഹാരാഷ്ട്ര ഗതാഗത മന്ത്രി പ്രതാപ് സർനായിക് അറിയിച്ചു

ഡ്രൈവർമാർക്ക് മറാഠി ഭാഷയിൽ പ്രായോഗിക പരിജ്ഞാനം ഉണ്ടായിരിക്കണമെന്നും യാത്രക്കാരുമായി മറാഠിയിൽ സംസാരിക്കാൻ കഴിയണമെന്നും മന്ത്രി വ്യക്തമാക്കി. ഓഗസ്റ്റ് 15-ന് ശേഷം ഗതാഗത വകുപ്പ് പരിശോധനകൾ കർശനമാക്കും. നിയമം പാലിക്കാത്ത ഡ്രൈവർമാർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കും.

മഹാരാഷ്ട്ര മോട്ടോർ വെഹിക്കിൾസ് (ഭേദഗതി) റൂൾസ്, 2026 പ്രകാരം ടാക്സി, ഓട്ടോറിക്ഷ, ആപ്പ് അടിസ്ഥാനമാക്കിയുള്ള ക്യാബുകൾ എന്നിവയുടെ ഡ്രൈവർമാർക്ക് മറാഠി ഭാഷ നിർബന്ധമാണ്. പെർമിറ്റ് പുതുക്കുന്നതിന് മറാഠി ഭാഷാ പരിജ്ഞാനം അനിവാര്യമാക്കുന്നതിനായി ചട്ടം 4(4), ചട്ടം 78, ചട്ടം 85 എന്നിവ ബാധകമാക്കിയിട്ടുണ്ട്. നിയമ ലംഘനം നടത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് മൂന്ന് മാസം വരെ സസ്‌പെൻഡ് ചെയ്യാനോ റദ്ദാക്കാനോ പ്രൊവിഷൻ 22(3A) പ്രകാരം നടപടിയുണ്ടാകും.

നേരത്തെ മെയ് 1 മുതൽ മറാഠി പ്രാവീണ്യം തെളിയിക്കണമെന്ന് സർക്കാർ നിർദേശിച്ചിരുന്നെങ്കിലും യൂണിയനുകളുടെ പ്രതിഷേധത്തെ തുടർന്ന് ഓഗസ്റ്റ് 15 വരെ കാലാവധി നീട്ടി നൽകുകയായിരുന്നു. നാല് മണിക്കൂർ നീണ്ട ഈ പരിശീലന പരിപാടി 1.10 ലക്ഷത്തിലധികം മറാഠി ഇതര ഡ്രൈവർമാർ പൂർത്തിയാക്കി. ഓഗസ്റ്റ് 17-ന് നടക്കുന്ന ചടങ്ങിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും ഡ്രൈവർമാർക്ക് ഇതിനുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.

You may also like