മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിലുള്ള ധനോറ താലൂക്കിലെ ജപ്താലായിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളുടെ റെസിഡൻഷ്യൽ ഗവൺമെന്റ് എയ്ഡഡ് ആദിവാസി സ്കൂളിൽ (ആശ്രമ സ്കൂൾ) പാമ്പുകടിയേറ്റ് മൂന്ന് പെൺകുട്ടികൾ മരിച്ച ദാരുണ സംഭവത്തിൽ കർശന നടപടിയുമായി സംസ്ഥാന സർക്കാർ. സ്കൂളിന്റെ ലൈസൻസ് സ്ഥിരമായി റദ്ദാക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉത്തരവിട്ടു. സ്കൂളിൽ പരിശോധന നടത്തി അനുകൂല റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യാനും മുഖ്യമന്ത്രി നിർദേശിച്ചു.
ഓഗസ്റ്റ് 9, 10 തീയതികളിലെ രാത്രി ഒന്നരയോടെയാണ് ദുരന്തമുണ്ടായത്. വലിയ ഹാളിലെ നിലത്തു കിടന്നുറങ്ങുകയായിരുന്ന വിദ്യാർഥിനികൾക്കാണ് പാമ്പുകടിയേറ്റത്. പാമ്പുകടിയേറ്റ മറ്റ് കുട്ടികളിൽ 14 വയസ്സുകാരിയുടെ നില ഗുരുതരമായി തുടരുകയാണെന്നും 11 വയസ്സുകാരിയുടെ ആരോഗ്യാവസ്ഥ തൃപ്തികരമാണെന്നും ഗഡ്ചിരോളി ജില്ലാ ഹെൽത്ത് ഓഫീസർ ഡോ. പ്രതാപ് ഷിൻഡെ വ്യക്തമാക്കി. കടിയേറ്റതിന് പുറമേ ഭയന്നുപോയ മറ്റു ചില കുട്ടികൾക്ക് വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വീണ്ടെടുത്തതോടെ ഡിസ്ചാർജ് ചെയ്തു.
മന്ത്രിസഭാ യോഗത്തിൽ ഗോത്രവർഗ ക്ഷേമ മന്ത്രി അശോക് ഉയ്കെ വിഷയത്തിന്റെ ഗൗരവം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
സംഭവത്തിന് പിന്നാലെ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. ഇത് വെറുമൊരു അപകടമല്ല, വ്യവസ്ഥിതി നടത്തുന്ന കൊലപാതകമാണെന്ന് എൻ.സി.പി (എസ്.പി) എം.എൽ.എ രോഹിത് പവാർ ആരോപിച്ചു. മഹാരാഷ്ട്രയിൽ ഇത്തരം സാഹചര്യത്തിൽ പാമ്പുകടിയേറ്റ് പെൺകുട്ടികൾ മരിക്കാനിടയായത് എന്തുകൊണ്ടാണെന്ന് ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ് റാവത്ത് ചോദിച്ചു. കുറ്റക്കാർക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.