മുംബൈ: ഐഎസ്ഐഎസ് (ISIS) ഭീകരസംഘടനയുമായുള്ള ബന്ധവും യുവാക്കളെ തീവ്രവാദത്തിലേക്ക് ആകൃഷ്ടരാക്കിയ കേസും നേരിടുന്ന ഭീകരക്കേസ് പ്രതി സാഖിബ് നാച്ചന്റെ മകൻ ഷാമിൽ നാച്ചന് തിരിച്ചടി. ഷാമിൽ സമർപ്പിച്ച ജാമ്യാപേക്ഷയും കേസിലെ വിടുതൽ ഹർജിയും മുംബൈയിലെ പ്രത്യേക എൻഐഎ കോടതി തള്ളി. സമാനമായ ആവശ്യങ്ങൾ ഉന്നയിച്ചുള്ള ഹർജികൾ ബോംബെ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ, ആ വിവരം വിചാരണക്കോടതിയിൽ നിന്ന് മറച്ചുവെച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
സമാന ആശ്വാസങ്ങൾ തേടിയുള്ള ഹർജികൾ ബോംബെ ഹൈക്കോടതിയിൽ നിലവിലുണ്ടെന്ന കാര്യം എൻഐഎ കോടതിയിൽ വാദം നടക്കുമ്പോൾ ഷാമിൽ വെളിപ്പെടുത്തിയിരുന്നില്ലെന്ന് പ്രത്യേക ജഡ്ജി ചകോർ ബവിസ്കർ ഉത്തരവിൽ വ്യക്തമാക്കി. പ്രധാനപ്പെട്ട വിവരങ്ങൾ ബോധപൂർവം മറച്ചുവെച്ചതിലൂടെ പരസ്പരവിരുദ്ധമായ ഉത്തരവുകൾ ഉണ്ടാകാനുള്ള സാധ്യത സൃഷ്ടിക്കുക മാത്രമല്ല, പ്രതി കോടതിയെ വഞ്ചിക്കാൻ ശ്രമിക്കുകയായിരുന്നെന്നും അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധി സംശയാസ്പദമാണെന്നും കോടതി നിരീക്ഷിച്ചു.
ഐഎസ്ഐഎസ് മൊഡ്യൂളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചതിനും യുവാക്കളെ തീവ്രവാദ ആശയങ്ങളിലേക്ക് വഴിതിരിച്ചുവിട്ടതിനും 2023 ഓഗസ്റ്റിലാണ് ഷാമിൽ നാച്ചനെ എൻഐഎ അറസ്റ്റ് ചെയ്തത്. തുടർന്ന് ജാമ്യത്തിനും കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വിടുതൽ ഹർജിക്കുമായി പ്രതി പ്രത്യേക എൻഐഎ കോടതിയെ സമീപിക്കുകയായിരുന്നു. ബുധനാഴ്ചയാണ് ഈ രണ്ട് അപേക്ഷകളും കോടതി തള്ളിയത്.