മാനദണ്ഡങ്ങൾ ലംഘിച്ചു; മഹാരാഷ്ട്രയിൽ 10 ആയുർവേദ മരുന്ന് നിർമാണ യൂണിറ്റുകളുടെ ലൈസൻസ് റദ്ദാക്കി

by WhatsUp Mumbai

മുംബൈ: മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 10 ആയുർവേദ മരുന്ന് നിർമാണ ശാലകളുടെ ലൈസൻസ് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ (എഫ്‌ഡിഎ) റദ്ദാക്കി. പൂനെ, ബാരാമതി, നാസിക് എന്നിവിടങ്ങളിലെ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി. സംസ്ഥാനത്തൊട്ടാകെയുള്ള 434 കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ 1940-ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ടിന്റെ ഗുരുതരമായ ലംഘനങ്ങൾ കണ്ടെത്തി.

യോഗ്യതയുള്ള സാങ്കേതിക ജീവനക്കാരുടെ അഭാവം, ശുചിത്വമില്ലായ്മ, ക്വാളിറ്റി കൺട്രോൾ സംവിധാനങ്ങളുടെ പരാജയം, ആവശ്യത്തിന് ഉപകരണങ്ങൾ ഇല്ലാതിരിക്കുക എന്നിവയാണ് പ്രധാന ക്രമക്കേടുകൾ. മരുന്ന് നിർമാണ റെക്കോർഡുകളിലെ വൈരുദ്ധ്യം, തെറ്റായ നിർമാണ തീയതി രേഖപ്പെടുത്തൽ, പരിശോധനകൾ നടത്താതിരിക്കൽ എന്നിവയും എഫ്‌ഡിഎ കണ്ടെത്തി. വീഴ്ച കണ്ടെത്തിയ മറ്റ് 135 സ്ഥാപനങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്.

വിഷയം തുക്കാറാം മുണ്ഡെ ഉന്നയിച്ചതിനെത്തുടർന്ന്, മായം ചേർക്കലിനെതിരെ കടുത്ത നടപടിയെടുക്കാൻ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നിർദേശിച്ചു. മായം ചേർക്കൽ സാധാരണ കുറ്റകൃത്യമല്ലെന്നും ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ഇത്തരം സാമൂഹിക വിരുദ്ധർക്കെതിരെ ‘മക്കോക്ക’ (MCOCA) പോലുള്ള കഠിന നിയമങ്ങളും ജാമ്യമില്ലാ വകുപ്പുകളും ചുമത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.

You may also like