പ്രണയമില്ലാതാകുന്നതല്ല, സമയം കിട്ടാത്തതാണ് വില്ലൻ; ഇന്ത്യയിൽ ദാമ്പത്യ തകർച്ചയ്ക്ക് പ്രധാന കാരണം ‘ടൈം പോവർട്ടി’യെന്ന് ഗ്ലീഡൻ-ഇപ്സോസ് സർവേ

by WhatsUp Mumbai

മുംബൈ: ദാമ്പത്യ ബന്ധങ്ങളിലെയും പ്രണയത്തിലെയും പ്രധാന വില്ലൻ വൈകാരിക അകൽച്ച മാത്രമല്ല, ആവശ്യത്തിന് ‘സമയം’ ലഭിക്കാത്തതുമാണെന്ന് പുതിയ റിപ്പോർട്ട്. ഇന്ത്യൻ ദമ്പതികൾക്കിടയിൽ ബന്ധങ്ങൾ വിയോജിപ്പുകളിലേക്ക് നീങ്ങുന്നതിന് പ്രധാന കാരണം ‘ടൈം പോവർട്ടി’ (Time Poverty) അഥവാ സമയ ദാരിദ്ര്യമാണെന്ന് ഡേറ്റിങ് പ്ലാറ്റ്‌ഫോമായ ‘ഗ്ലീഡൻ’ (Gleeden), പ്രമുഖ വിപണി ഗവേഷണ സ്ഥാപനമായ ‘ഇപ്സോസി’നു (IPSOS) മായി ചേർന്ന് നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു.

സർവേയിൽ പങ്കെടുത്ത 33 ശതമാനം ഇന്ത്യക്കാരും തങ്ങളുടെ ബന്ധങ്ങളിലെ ഏറ്റവും വലിയ വെല്ലുവിളിയായി ചൂണ്ടിക്കാണിക്കുന്നത് പങ്കാളിയോടൊപ്പം ഗുണനിലവാരമുള്ള സമയം (Quality time) ചെലവഴിക്കാൻ സാധിക്കാത്തതാണ്. ജോലികാര്യങ്ങളിലെ അന്ത്യദിനങ്ങൾ (Deadlines), നീളുന്ന യാത്രകൾ, വീട്ടുജോലികളുടെ ഭാരം, സാമൂഹിക ബാധ്യതകൾ, സ്മാർട്ട്‌ഫോണുകളുടെ അമിതോപയോഗം എന്നിവ മൂലം ഒന്നിച്ച് ജീവിതം ആസ്വദിക്കുന്നതിനേക്കാൾ, ജീവിത കാര്യങ്ങൾ ഓടിനടന്ന് ചെയ്തുതീർക്കാനാണ് ദമ്പതികൾ കൂടുതൽ സമയവും ചെലവഴിക്കുന്നത്.
സിനിമകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രചരിക്കുന്ന ‘ഹാപ്പി കപ്പിൾസ്’ എന്ന സങ്കൽപ്പത്തെക്കുറിച്ചുള്ള യാഥാർഥ്യബോധമില്ലാത്ത പ്രതീക്ഷകളും പങ്കാളികൾക്കിടയിൽ വലിയ മാനസികസമ്മർദ്ദം ഉണ്ടാക്കുന്നുണ്ട്. പഠനമനുസരിച്ച് ‘ജെൻ സി’ (Gen Z) വിഭാഗത്തിൽപ്പെട്ട 33 ശതമാനം ആളുകളും, ‘ജെൻ എക്സ്’ (Gen X) വിഭാഗത്തിൽപ്പെട്ട 37 ശതമാനം ആളുകളും ഇത്തരത്തിലുള്ള മാധ്യമ കാഴ്ചപ്പാടുകളുടെ സമ്മർദ്ദം നേരിടുന്നുണ്ട്. എന്നാൽ ഇവരെ അപേക്ഷിച്ച് ‘മില്ലെനിയലുകളെ’ (Millennials) ഈ പ്രവണത താരതമ്യേന കുറഞ്ഞ തോതിൽ മാത്രമേ ബാധിക്കുന്നുള്ളൂ എന്നും സർവേ വ്യക്തമാക്കുന്നു.

You may also like