താനെ : മുംബൈയിൽ ഒരു പ്രവാസിയായി കഴിഞ്ഞുകൊണ്ട് മലയാള സാഹിത്യത്തിന്റെ മുഖ്യധാരയിലേക്ക് കുറെയേറെ നല്ല കഥകൾ സംഭാവന ചെയ്‌ത് ശ്രദ്ധേയനാവുകയും കഴിഞ്ഞവർഷം മുംബൈക്കടുത്തുള്ള ഡോംബിവ്‌ലിയിൽ വെച്ച് അന്തരിക്കുയും ചെയ്ത എം. ചന്ദ്രശേഖരന്റെ തലശ്ശേരി നെയ്തൽ പതിപ്പകം പ്രസിദ്ധീകരിച്ച ‘കഥ-എം. ചന്ദ്രശേഖരൻ’ എന്ന മൂന്നാമത്തെ സമാഹാരത്തിന്റെ പ്രകാശനം നടന്നു. ഡോംബിവ്‌ലി കേരളീയ സമാജത്തിന്റെ സാഹിത്യ സായാഹ്നം പരിപാടിയോടനുബന്ധിച്ചു നടന്ന ചടങ്ങിൽ പത്ര പ്രവർത്തകനും എഴുത്തുകാരനുമായ കാട്ടൂർ മുരളി നിർവഹിച്ചു. ചന്ദ്രശേഖരന്റെ സഹധർമ്മിണി പുഷ്പ ചന്ദ്രശേഖരൻ പുസ്തകം ഏറ്റുവാങ്ങി. ചടങ്ങിൽ ചന്ദ്രശേഖരന്റെ മക്കളായ പ്രിയങ്കർ, ആതിര, നെയ്തൽ പതിപ്പകത്തിന്റെ പ്രതിനിധി ഡോ. മഹേഷ് മംഗലാട്ട്, എഴുത്തുകാരായ മുരളീധരൻ വട്ടേനാട്ട്, ലിനോദ് വർഗ്ഗീസ് എന്നിവരും പങ്കെടുത്തു. ഇതിനുമുമ്പ് ചന്ദ്രശേഖരൻ പ്രസിദ്ധീകരിച്ചിട്ടുള്ള രണ്ടു സമാഹാരങ്ങളിലെ കഥകളും അദ്ദേഹത്തിന്റെതന്നെ ഇതുവരെ സമാഹരിക്കപ്പെട്ടിട്ടില്ലാത്ത മറ്റു കഥകളും ചേർത്ത് അമ്പതിലേറെ രചനകളാണ് ഈ സമാഹാരത്തിലുള്ളത്. ചടങ്ങിൽ സമാജം ട്രഷറർ മനോജ്‌കുമാർ വി. ബി. അധ്യക്ഷനായിരുന്നു.
സാഹിത്യവിഭാഗം കൺവീനർ ജോയ് ഗുരുവായൂർ ചടങ്ങ് നിയന്ത്രിച്ചു.