മുംബൈ: മുംബൈയിലെയും പരിസര പ്രദേശങ്ങളിലെയും ചരിത്രപ്രാധാന്യമുള്ള നാല് റെയിൽവേ സ്റ്റേഷനുകൾക്ക് വേറിട്ട രീതിയിൽ ആദരവൊരുക്കാൻ റെയിൽവേ ബോർഡ്. രാജ്യവ്യാപകമായി നടപ്പിലാക്കുന്ന ‘സ്റ്റേഷൻ മഹോത്സവ് – ബർത്ത്ഡേ സെലിബ്രേഷൻ’ പ്രത്യേക ഉപക്രമത്തിന്റെ ഭാഗമായാണ് മുംബൈയിലെ അഞ്ച് പാരമ്പര്യ റെയിൽവേ സ്റ്റേഷനുകളുടെ വാർഷിക ദിനം ‘സ്റ്റേഷൻ ബർത്ത്ഡേ’ ആയി ആഘോഷിക്കുന്നത്.
മധ്യ റെയിൽവേയ്ക്ക് കീഴിലുള്ള റെയിൽവേ സ്റ്റേഷനുകളാണ് ഈ ചരിത്രപരമായ ആഘോഷത്തിൽ പങ്കാളികളാകുന്നത്. 1854-ൽ സ്ഥാപിതമായ കല്യാൺ റെയിൽവേ സ്റ്റേഷന്റെ പിറന്നാൾ ഒക്ടോബർ 9-നും, 1863-ൽ സ്ഥാപിതമായ കൽജത് സ്റ്റേഷന്റേത് ഒക്ടോബർ 14-നും, ഖണ്ഡാല സ്റ്റേഷന്റേത് ഒക്ടോബർ 23-നും ആഘോഷിക്കും. കൂടാതെ, 1856-ൽ സ്ഥാപിതമായ ഖോപോളി റെയിൽവേ സ്റ്റേഷന്റെ വാർഷികം നവംബർ 18-നാണ് റെയിൽവേ ബോർഡ് കൊണ്ടാടുന്നത്.
നൂറ്റാണ്ടിലേറെ പഴക്കമുള്ള മുംബൈയുടെ സമൃദ്ധമായ റെയിൽവേ പാരമ്പര്യത്തെയും നഗരവികസനത്തിൽ ഈ സ്റ്റേഷനുകൾ വഹിച്ച പങ്കിനെയും പുതിയ തലമുറയ്ക്ക് മുന്നിൽ പരിചയപ്പെടുത്തുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. രാജ്യത്തുടനീളമുള്ള 103 പാരമ്പര്യ (ഹെറിറ്റേജ്) സ്റ്റേഷനുകളെയാണ് റെയിൽവേ ബോർഡ് ഈ പദ്ധതിക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. ചരിത്രപ്രേമികൾക്കും യാത്രാപ്രേമികൾക്കും ഒരുപോലെ വേറിട്ട അനുഭവമായിരിക്കും ഈ സ്റ്റേഷൻ മഹോത്സവ്.