മുംബൈ: മുംബൈ മേയറുടെ ഓഫീസ്, ബൃഹന്മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) ആസ്ഥാനം, നഗരത്തിലെ പ്രമുഖ മെട്രോ സ്റ്റേഷനുകൾ എന്നിവ ലക്ഷ്യമിട്ട് ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതിനെ തുടർന്ന് സുരക്ഷാ ഏജൻസികൾ വൻ തിരച്ചിൽ ആരംഭിച്ചു.
ഭീഷണി സന്ദേശം ലഭിച്ചയുടൻ മുംബൈ പൊലീസും ബോംബ് ഡിറ്റക്ഷൻ ആന്റ് ഡിസ്പോസൽ സ്ക്വാഡും (ബിഡിഡിഎസ്) ഡോഗ് സ്ക്വാഡും ചേർന്ന് അടിയന്തര അന്വേഷണവും പരിശോധനകളും ആരംഭിച്ചു. ബിഎംസി ആസ്ഥാനത്തും മേയറുടെ ഓഫീസിലും പൊലീസും സുരക്ഷാ ജീവനക്കാരും ഓരോ നിലകളിലും കനത്ത പരിശോധന നടത്തി. ഇതുവരെയുള്ള പരിശോധനയിൽ സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
വ്യാജ വാർത്തകളിലും പ്രചാരണങ്ങളിലും ജനങ്ങൾ വിശ്വസിക്കരുതെന്നും സംശയാസ്പദമായ സാഹചര്യങ്ങൾ കണ്ടാൽ ഉടൻ പൊലീസിൽ അറിയിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ഭീഷണി സന്ദേശത്തിന്റെ ഉറവിടവും ഐപി അഡ്രസും കണ്ടെത്താൻ സൈബർ പൊലീസും ക്രം ബ്രാഞ്ചും സംയുക്തമായി അന്വേഷണം നടത്തുന്നുണ്ട്.