മുംബൈ: ഓടുന്ന മുംബൈ ലോക്കൽ ട്രെയിനിൽ യുവതിയെ യാത്രക്കാരൻ ക്രൂരമായി മർദിക്കുകയും ബെൽറ്റൂരി ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നു. വഡാലയ്ക്ക് സമീപമാണ് ആക്രമണം നടന്നതെന്നാണ് കരുതുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ കടുത്ത പ്രതിഷേധമാണ് ഉയർന്നുവരുന്നത്.
സീറ്റിലിരിക്കുകയായിരുന്ന യുവതിക്കു നേരെ അക്രമി മർദനം അഴിച്ചുവിടുകയായിരുന്നു. ഓടുന്ന ട്രെയിനിനുള്ളിൽ ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടാകുന്നതും, തുടർന്ന് ഇയാൾ യുവതിയെ ആക്രമിക്കുന്നതും വീഡിയോയിലുണ്ട്. ഇതിനുപിന്നാലെ ഇയാൾ സ്വന്തം ബെൽറ്റൂരി യുവതിയെ ഭീഷണിപ്പെടുത്തുകയും പിന്നീട് മാറി മറ്റൊരു സീറ്റിൽ പോയിരിക്കുകയും ചെയ്തു.
ആക്രമണം നടക്കുമ്പോൾ കൂടെയുണ്ടായിരുന്ന സഹയാത്രക്കാരൻ ആരും തന്നെ ഇടപെടാനോ യുവതിയെ രക്ഷിക്കാനോ മുതിർന്നില്ല എന്നത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. അക്രമത്തിനുള്ള കൃത്യമായ കാരണവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന കാര്യവും വ്യക്തമല്ല. സംഭവത്തിൽ റെയിൽവേ പൊലീസോ റെയിൽവേ അധികൃതരോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.