മുംബൈ: ജനാധിപത്യത്തിൽ പ്രതിഷേധങ്ങൾ സമവായത്തിലേക്കുള്ള വഴിയാണെന്നും പ്രക്ഷോഭങ്ങളിൽ ഏർപ്പെടുന്ന പുതിയ തലമുറ (‘ജെൻ സി’) ദേശവിരുദ്ധരല്ലെന്നും ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭഗവത്. മുംബൈയിൽ ‘ഇന്റർനാഷണൽ മോഡൽ യുണൈറ്റഡ് നേഷൻസ്’ (IIMUN) സംഘടിപ്പിച്ച ചടങ്ങിൽ ‘ജെൻ സി’, ‘ജെൻ ആൽഫ’ വിഭാഗങ്ങളിലെ ചെറുപ്പക്കാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരീക്ഷാ ക്രമക്കേടുകൾ, വിദ്യാഭ്യാസ പരിഷ്കരണങ്ങൾ എന്നിവയ്‌ക്കെതിരെ രാജ്യവ്യാപകമായി വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ നിർണായക പ്രതികരണം.
നമ്മുടെ പുതിയ തലമുറ ഉയർത്തുന്ന ആശങ്കകളും പരാതികളും ന്യായമാണെന്ന് മോഹൻ ഭഗവത് ചൂണ്ടിക്കാട്ടി. പ്രക്ഷോഭങ്ങളിൽ പങ്കാളികളാകുന്നതുകൊണ്ട് മാത്രം അവരെ ദേശവിരുദ്ധരായി ചിത്രീകരിക്കാനാകില്ല. അവർ നമ്മുടെ സ്വന്തം ആളുകളും അടുത്ത തലമുറയുമാണ്. പരസ്പര ബഹുമാനവും ചേർത്തുപിടിക്കലുമാണ് ആശയവിനിമയത്തിന് വേണ്ടത്. പുതിയ തലമുറയ്ക്ക് രാജ്യത്തോടും സേവനത്തോടും കൂറും രാജ്യസ്നേഹവുമുണ്ടെന്നും, നിലവിലുള്ള തലമുറയേക്കാൾ കൂടുതൽ സത്യസന്ധരാണ് ഇന്നത്തെ ‘ജെൻ സി’യും ‘ജെൻ ആൽഫ’യുമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
മുൻ തലമുറകളിൽ നിന്ന് വ്യത്യസ്തമായി, കാര്യങ്ങളെ ചോദ്യം ചെയ്യാനും യുക്തിസഹമായ ഉത്തരങ്ങൾ കണ്ടെത്താനും ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ യുവതലമുറ. എന്നാൽ പ്രതിഷേധങ്ങൾ ജനാധിപത്യപരമായ രീതിയിൽ വേണം മുന്നോട്ടുകൊണ്ടുപോകാൻ.
വിദ്യാഭ്യാസം കച്ചവടമല്ല, മറിച്ച് ജീവിതത്തിന്റെ അത്യന്താപേക്ഷിതമായ ആവശ്യമാണെന്നും മോഹൻ ഭഗവത് കൂട്ടിച്ചേർത്തു. എല്ലാവർക്കും പ്രാപ്യവും താങ്ങാനാവുന്നതുമായ രീതിയിൽ വിദ്യാഭ്യാസ സമ്പ്രദായം ക്രമീകരിക്കണം. ഫീസ് ഘടന ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തമായ ചർച്ചകളും ചിന്തകളും ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.